Currency

നോട്ട് പിന്‍വലിക്കല്‍: ഉന്നത ബാങ്ക് അധികൃതരെപ്പോലും അറിയിച്ചിരുന്നില്ല

സ്വന്തം ലേഖകന്‍Saturday, November 19, 2016 1:16 pm

നവംബര്‍ എട്ടാം തീയതി രാത്രി ഏഴിന് മുംബൈയിലെ ആര്‍ബിഐ ആസ്ഥാനത്തുവച്ച് ഒരു യോഗമുണ്ടെന്നും അതില്‍ പങ്കെടുക്കണമെന്നും മാത്രമാണ് രാജ്യത്തെ ഉയര്‍ന്ന ബാങ്കുകളിലെ അധികൃതരെ ആര്‍ബിഐ അറിയിച്ചത്.

മുംബൈ: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കാനെടുത്ത തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഉന്നത ബാങ്ക് അധികൃതരെപ്പോലും അറിയിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. നവംബര്‍ എട്ടാം തീയതി രാത്രി ഏഴിന് മുംബൈയിലെ ആര്‍ബിഐ ആസ്ഥാനത്തുവച്ച് ഒരു യോഗമുണ്ടെന്നും അതില്‍ പങ്കെടുക്കണമെന്നും മാത്രമാണ് രാജ്യത്തെ ഉയര്‍ന്ന ബാങ്കുകളിലെ അധികൃതരെ ആര്‍ബിഐ അറിയിച്ചത്. ഒരു ദേശീയ മാധ്യമമാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.

രാജ്യത്തെ പ്രധാന ബാങ്കുകളിലെ അധികൃതരെല്ലാം യോഗത്തില്‍ പങ്കെടുത്തിരുന്നു. യോഗത്തെക്കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും നല്‍കിയില്ലെന്ന് ഇതില്‍ പങ്കെടുത്ത രണ്ടു ബാങ്കുകളുടെ അധികൃതര്‍ പറഞ്ഞു. സാധാരണ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന ബാങ്കുകള്‍ക്ക് യോഗത്തില്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിവരം മുന്‍കൂട്ടി അറിയിക്കാറുണ്ട്. പക്ഷേ അന്നത്തെ യോഗത്തില്‍ ഇതൊന്നും ഉണ്ടായില്ല.

ബാങ്കിങ് മേഖലയിലെ നിലവിലെ പ്രശ്‌നങ്ങളെക്കുറിച്ചാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്. ബാങ്കുകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു. സമയം എട്ടാകാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ യോഗം ചേരുന്ന മുറിയിലെ ടിവി ആര്‍ബിഐ അധികൃതര്‍ ഓണ്‍ ചെയ്തു. അല്‍പസമയത്തിനകം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുമെന്നും അതിനുശേഷം ചര്‍ച്ച തുടരാമെന്നും പറഞ്ഞു.

500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയപ്പോഴാണ് ഞങ്ങളും ഇക്കാര്യം അറിയുന്നത്. എല്ലാവര്‍ക്കും ഇതൊരു അദ്ഭുതമായിപ്പോയി. അടുത്ത ഏതാനും ദിവസത്തേക്ക് എന്തൊക്കെ വെല്ലുവിളികള്‍ നേരിടേണ്ടിവരുമെന്നതിനെക്കുറിച്ച് ആര്‍ക്കും ഒരാശയവും ഇല്ലായിരുന്നു. പ്രധാനമന്ത്രിയുടെ പ്രസംഗം അവസാനിച്ചയുടന്‍തന്നെ യോഗം പിരിഞ്ഞ് എല്ലാവരും തിരികെപ്പോയെന്നും യോഗത്തില്‍ പങ്കെടുത്ത ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x