Currency

കറന്‍സി പ്രതിസന്ധി: 500 രൂപ നോട്ടിന്റെ അച്ചടി വര്‍ധിപ്പിക്കുന്നു

സ്വന്തം ലേഖകന്‍Thursday, December 1, 2016 11:30 am

ശമ്പള ദിനങ്ങളാണ് ഇനിയുള്ള ഒരാഴ്ചയെന്നതിനാല്‍ കൂടുതലും പൊതുമേഖലാ ബാങ്കുകളിലാകും കൂടുതല്‍ പണമെത്തുക. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുറമെ മിക്ക സ്വകാര്യ കമ്പനികളും പൊതുമേഖലാ ബാങ്കുകള്‍ മുഖേനയാണ് ശമ്പളം വിതരണം ചെയ്യുന്നത്.

ന്യൂഡല്‍ഹി: രാജ്യത്തെ കറന്‍സി ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ പുതിയ 500 രൂപ നോട്ടിന്റെ അച്ചടി വര്‍ധിപ്പിക്കുന്നു. സര്‍ക്കാരിന്റെയും ആര്‍ബിഐയുടെയും ഉടമസ്ഥതയിലുള്ള രാജ്യത്തെ നാല് പ്രസുകളിലും നിലവില്‍ രണ്ട് ഷിഫിറ്റുകളിലായാണ് നോട്ടുകള്‍ അച്ചടിക്കുന്നത്. ഇത് മൂന്ന് ഷിഫ്റ്റുകളായി വര്‍ധിപ്പിക്കാനാണ് തീരുമാനം. പുതിയതായി അച്ചടിച്ചുകൊണ്ടിരിക്കുന്ന 500 രൂപ നോട്ടുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ വിതരണത്തിനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശമ്പള ദിനങ്ങളാണ് ഇനിയുള്ള ഒരാഴ്ചയെന്നതിനാല്‍ കൂടുതലും പൊതുമേഖലാ ബാങ്കുകളിലാകും കൂടുതല്‍ പണമെത്തുക. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുറമെ മിക്ക സ്വകാര്യ കമ്പനികളും പൊതുമേഖലാ ബാങ്കുകള്‍ മുഖേനയാണ് ശമ്പളം വിതരണം ചെയ്യുന്നത്. ഇത് ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാനാണ് നിലവിലത്തെ ശ്രമം.

കഴിഞ്ഞ ആഴ്ച ബാങ്കുകളിലേക്ക് വിതരണം ചെയ്തതിന്റെ നാല് മടങ്ങ് പുതിയ നോട്ടുകള്‍ ഈ ആഴ്ച നല്‍കുമെന്നാണ് ആര്‍ബിഐ പറയുന്നത്. പുതിയ 500 രൂപ നോട്ടുകള്‍ സംസ്ഥാനങ്ങളിലേക്ക് അയച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ കറന്‍സി ക്ഷാമം സ്വകാര്യ ബാങ്കുകളെയാണ് കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുന്നത്. സ്വകാര്യ ബാങ്കുകളിലേക്ക് അധികം പണം എത്തുന്നില്ല. ഇതേത്തുടര്‍ന്ന് നോട്ട് വിതരണത്തില്‍ സ്വകാര്യ ബാങ്കുകള്‍ റേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച 125 കോടി വേണ്ടിയിരുന്നപ്പോള്‍ ചില ബാങ്കുകള്‍ക്ക് ലഭിച്ചത് വെറും അഞ്ച് കോടിമാത്രമാണെന്നാണ് വിവരം. സമാനമായ അവസ്ഥയാണ് പല സ്വകാര്യ ബാങ്കുകളും നേരിട്ടത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x