
കൊച്ചി: രാജ്യത്ത് പ്രവാസികൾ ഏറ്റവുമധികമുള്ള സംസ്ഥാനമായിട്ടും പഴയ നോട്ടുകൾ മാറ്റിയെടുക്കാൻ പ്രവാസികൾക്ക് കേരളത്തിൽ സൗകര്യമൊരുക്കാതെ കേന്ദ്ര സർക്കാർ. നവംബര്‍ എട്ടുമുതലുള്ള കാലയളവില്‍ വിദേശത്തായിരുന്ന പ്രവാസികൾക്ക് പഴയ നോട്ടുകള്‍ 2017 ജൂൺ 30 വരെ മാറ്റിയെടുക്കാമെന്ന് കേന്ദ്ര സർക്കാർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ മുംബൈ, ന്യൂഡൽഹി, ചെന്നൈ, കൊൽക്കത്ത, നാഗ്പൂർ എന്നിവിടങ്ങളിലുള്ള റിസർവ് ബാങ്ക് ഓഫീസുകളിൽ മാത്രമാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.
തിരുവനന്തപുരത്തും കൊച്ചിയിലും ആര്‍ബിഐക്ക് റീജ്യണല്‍ ഓഫീസുകളുണ്ടായിട്ടാണ് സംസ്ഥാനത്തോട് കേന്ദ്ര സർക്കാറിന്റെ അവഗണന. അതേസമയം നവംബർ ഒമ്പത് മുതൽ ഡിസംബർ 30 വരെ വിദേശത്തായിരുന്ന ഇന്ത്യക്കാർക്കും നോട്ട് മാറ്റിയെടുക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. മാർച്ച് 31 വരെ അസാധുവാക്കിയ നോട്ടുകൾ ഇവർക്ക് തെരെഞ്ഞെടുത്ത ആർബിഐ ഓഫീസുകളിൽ ചെന്ന് മാറ്റിയെടുക്കാനാകും.
വിദേശത്തായിരുന്ന ഇന്ത്യക്കാർക്ക് മാറ്റിയെടുക്കാവുന്ന തുകയിൽ നിയന്ത്രണമില്ലെന്നും ആർബിഐ അറിയിച്ചു. അതേസമയം നിലവിലെ നിയമപ്രകാരം 25000 രൂപയിൽ കൂടുതൽ വിദേശത്ത് നിന്നും രാജ്യത്തേക്ക് കൊണ്ട് വരാൻ സാധിക്കില്ല എന്നതിനാൽ ഇത്രയും തുക മാത്രമാണ് പ്രവാസി ഇന്ത്യക്കാർക്ക് മാറ്റിയെടുക്കാൻ സാധിക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.