Currency

നോട്ട് പിന്‍വലിക്കല്‍: വിശദീകരണം നല്‍കാന്‍ ആര്‍ബിഐ ഗവര്‍ണര്‍ക്ക് നിര്‍ദേശം

സ്വന്തം ലേഖകന്‍Monday, January 9, 2017 12:48 pm

മുംബൈ: നോട്ട് പിന്‍വലിച്ച സാഹചര്യത്തില്‍ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് (പിഎസി) മുന്നില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനും വിവിധ വകുപ്പ് സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശം. ഇതേക്കുറിച്ച് അന്വേഷിക്കുന്ന പാര്‍ലമെന്ററികാര്യ സമിതിയാണ് പിഎസി. സമിതിയുടെ അധ്യക്ഷന്‍ കെ.വി. തോമസാണ്. നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് പൊതുവെ ഉയര്‍ന്നിരിക്കുന്ന സംശയങ്ങള്‍ ക്രോഡീകരിച്ച് ചോദ്യങ്ങളുടെ ഒരു പട്ടികയും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് അയച്ചതായി കെ.വി. തോമസ് അറിയിച്ചു. നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം എപ്രകാരം കൈക്കൊണ്ടു, ഈ തീരുമാനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിക്കും തുടങ്ങിയ കാര്യങ്ങള്‍ സമിതിക്കുമുന്നില്‍ ഹാജരായി വിശദീകരിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്ന് കെ.വി. തോമസ് പറഞ്ഞു. ജനുവരി 20ന് പിഎസിക്ക് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം.

ഇതുവരെ ബാങ്കുകളില്‍ തിരികെയെത്തിയ അസാധുനോട്ടുകളുടെ മൂല്യം, ബാങ്കുകള്‍ക്ക് ലഭിച്ച കള്ളപ്പണമെത്ര, അസാധു നോട്ടുകള്‍ക്ക് പകരം പുറത്തിറക്കിയ പുതിയ നോട്ടുകളുടെ മൂല്യം എന്നിവ വെളിപ്പെടുത്താനും പിഎസി ഉര്‍ജിത് പട്ടേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന ‘കറന്‍സി രഹിത സമ്പദ് വ്യവസ്ഥ’ എന്ന തലത്തിലേക്ക് വളരാന്‍ രാജ്യം എത്രമാത്രം തയാറാണ് എന്നും വിശദീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറെ വിളിച്ചുവരുത്താനുള്ള തീരുമാനത്തിന് രാഷ്ട്രീയ നിറം നല്‍കേണ്ടതില്ലെന്ന് കെ.വി. തോമസ് വ്യക്തമാക്കി. ഡിസംബര്‍ പകുതിയോടെ റിസര്‍വ് ബാങ്ക് ഗവര്‍ണറെ വിളിച്ചുവരുത്താനായിരുന്നു ആദ്യ തീരുമാനമെങ്കിലും നോട്ട് പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രി 50 ദിവസം ആവശ്യപ്പെട്ട സാഹചര്യത്തില്‍ ഇത് ജനുവരിയിലേക്ക് നീട്ടുകയായിരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x