
തിരുവനന്തപുരം: ഇന്ന് മുതല്‍ പെട്രോള്‍ പമ്പുകളില്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന ഒരു വിഭാഗം പെട്രോള്‍ പമ്പുടമകളുടെ തീരുമാനം തല്‍ക്കാലത്തേക്ക് പിന്‍വലിച്ചു. കാര്‍ഡ് ഉപയോഗിച്ച് ഇന്ധനം നിറക്കുന്നതിന് ബാങ്കുകള്‍ ഒരു ശതമാനം സര്‍വീസ് ചാര്‍ജ് പമ്പ് ഉടമകളില്‍നിന്ന് ഈടാക്കുന്നത് പുനഃപരിശോധിക്കുമെന്ന ഉറപ്പിലാണ് തീരുമാനം പിന്‍വലിച്ചത്. ജനുവരി 13 വരെ കാര്‍ഡ് സ്വീകരിക്കാമെന്നാണ് പമ്പുടമകളുടെ പുതിയ നിലപാട്. ഇനി നടക്കുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ന്നുള്ള നടപടികളെന്നും പമ്പുടമകള്‍ വ്യക്തമാക്കി.
നേരത്തെ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവര്‍ ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് ഒരു ശതമാനം വരെ സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തുന്ന കാര്യം പമ്പുടമകളെ അറിയിച്ചത്. രാജ്യത്താകെയുള്ള പെട്രോള്‍ പമ്പുകളില്‍ 60 ശതമാനവും ഉപയോഗിക്കുന്നത് ഐസിഐസിഐ, എച്ച്ഡിഎഫ്‌സി ബാങ്കുകളുടെ സൈ്വപിങ് മെഷീനുകളാണ്.
നിലവില്‍ കാര്‍ഡ് ഇടപാടുകള്‍ക്ക് ഒരു ശതമാനം എന്ന നിരക്കിലാണ് ഡീലര്‍മാരില്‍നിന്ന് ബാങ്കുകള്‍ പണം ഈടാക്കുന്നത്. ഇത് ലാഭവിഹിതം കുറയാന്‍ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പമ്പുടമകള്‍ കാര്‍ഡ് ഇടപാടുകള്‍ തിരസ്‌കരിച്ചുകൊണ്ടുള്ള സമരത്തിന് ഒരുങ്ങിയത്. സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള ബാങ്കുകളുടെ നീക്കത്തിനെതിരെ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും നടപടിയെടുക്കണമെന്ന് പമ്പുടമകള്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ, കാര്‍ഡ് വഴി ഇന്ധനം വാങ്ങുന്നവര്‍ക്ക് വിലയില്‍ 0.75 ശതമാനം കിഴിവ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.