
കൊച്ചി: പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ പണം നല്കുകയാണെങ്കില് 75 ശതമാനം വിലക്കുറവ് ലഭിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ ഫലം വളരെ കുറച്ചു പേര്‍ക്ക് മാത്രമേ ലഭിക്കുന്നുള്ളൂ. പൊതുമേഖലാ പെട്രോള്‍ കമ്പനികളുടെ പമ്പുകളില്‍ കാര്‍ഡ് ഇടപാട് നടത്തുന്നവര്‍ക്കാണ് ഈ ഇളവ് ലഭിക്കുന്നത്. അതേസമയം കാര്‍ഡ് ഇടപാടിനാകട്ടെ ചില ബാങ്കുകള്‍ രണ്ടര ശതമാനം വരെ സര്‍ചാര്‍ജ് ഈടാക്കുന്നുമുണ്ട്. ഇത് മൂലം മുക്കാല്‍ ശതമാനം വിലക്കിഴിവ് അപ്രസക്തമാകുന്നു.
ചുരുങ്ങിയത് 10 രൂപയാണ് സര്‍ചാര്‍ജ്. അതുകൊണ്ട് തന്നെ 100 രൂപയ്ക്ക് പെട്രോളടിച്ചാലും 10 രൂപ നല്‍കണം. ഡിസ്കൗണ്ട് ലഭിക്കുക 75 പൈസയും. ഫലത്തില്‍, വിലക്കിഴിവിന്റെ നേട്ടം സര്‍ചാര്‍ജ് ഈടാക്കാത്ത ബാങ്കുകളുടെ കാര്‍ഡുള്ളവര്‍ക്ക് മാത്രമായി ഒതുങ്ങും. 25 രൂപയാണ് 1000 രൂപയ്ക്ക് പെട്രോളടിച്ചാല്‍ സര്‍ചാര്‍ജ് ആയി നല്‍കേണ്ടത്. ഡിസ്കൗണ്ട് ലഭിക്കുന്നതാകട്ടെ 7.50 രൂപയും. 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ഇതിനൊക്കെ പുറമെ സേവന നികുതിയും സെസും ഉള്‍പ്പെടെ സര്‍ചാര്‍ജിന്റെ 15% വേറെയും നല്‍കണം. അതായതു 2200 രൂപയ്ക്ക് ഇന്ധനം നിറച്ചാല്‍ 55 രൂപ സര്‍ചാര്‍ജും 8.25 രൂപ നികുതിയുമടക്കം 2263.25 രൂപ കൊടുക്കണം. സര്‍ക്കാര്‍ ഡിസ്കൗണ്ട് ലഭിക്കുക 16.50 രൂപ മാത്രം. നഷ്ടം 46.75 രൂപ. ഡെബിറ്റ് കാര്‍ഡിനേക്കാള്‍ കുറവ് സര്‍ചാര്‍ജാണ് പല ബാങ്കുകളും ക്രെഡിറ്റ് കാര്‍ഡിന് ഈടാക്കുന്നത്.
കുറഞ്ഞ ചാര്‍ജ് ഈടാക്കുകയും ഇടപാടുകള്‍ക്ക് കാഷ് ബാക്ക് ഓഫറുകള്‍ നല്‍കുകയും ചെയ്യുന്ന മൊബൈല്‍ വോലറ്റുകളുമുണ്ട്. ഉപഭോക്താക്കള്‍ ആവശ്യാനുസരണം ഇവ തെരഞ്ഞെടുക്കുക മാത്രമാണ് ഇപ്പോഴുള്ള മാര്‍ഗം. അല്ലെങ്കില്‍ ഇത്തരം ചാര്‍ജുകള്‍ ഈടാക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നിലപാടെടുക്കുകയും ബാങ്കുകളുടെ നഷ്ടം നികത്താന്‍ മറ്റു വഴികള്‍ കണ്ടെത്തുകയും വേണ്ടിവരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.