Currency

ഡിജിറ്റല്‍ ഇടപാടുകള്‍ എളുപ്പത്തിലാക്കാന്‍ ‘ഭീം ആപ്പ്’ പുറത്തിറക്കി

സ്വന്തം ലേഖകന്‍Sunday, January 1, 2017 10:34 am

ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി മൊബൈല്‍ ആപ്പ് പുറത്തിറക്കി. ഡല്‍ഹിയില്‍ നടന്ന ഡിജിധന്‍ മേളയിലാണ് പ്രധാനമന്ത്രി ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. 'ഭീം' എന്നാണ് ആപ്ലിക്കേഷന്റെ പേര്. ആപ്പ് പുറത്തിറക്കുന്ന കാര്യം പ്രധാനമന്ത്രി നേരത്തേ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു.

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി മൊബൈല്‍ ആപ്പ് പുറത്തിറക്കി. ഡല്‍ഹിയില്‍ നടന്ന ഡിജിധന്‍ മേളയിലാണ് പ്രധാനമന്ത്രി ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. ‘ഭീം’ എന്നാണ് ആപ്ലിക്കേഷന്റെ പേര്. ആപ്പ് പുറത്തിറക്കുന്ന കാര്യം പ്രധാനമന്ത്രി നേരത്തേ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. ‘എളുപ്പത്തില്‍ ഇടപാടുകള്‍ നടത്തുവാനും പണം കൈമാറുവാനും സഹായിക്കുന്ന ഒരു മൊബൈല്‍ ആപ്പ് ഞാന്‍ പുറത്തിറക്കും. സാമ്പത്തിക ഇടപാടുകള്‍ എളുപ്പത്തിലാക്കാന്‍ ഈ ആപ്പ് ജനങ്ങളെ സഹായിക്കും’ മോദി ട്വിറ്ററില്‍ കുറിച്ചു. ഡിജിറ്റില്‍ സാമ്പത്തിക ഇടപാടുകള്‍ വ്യാപകമാവുന്നതോടെ അഴിമതിക്ക് കൂച്ചുവിലങ്ങിടാന്‍ സാധിക്കുമെന്നും പാവപ്പെട്ടവരുടേയും ഇടത്തരക്കാരുടേയും വികസന സ്വപ്നങ്ങള്‍ പൂവണിയുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

‘ഭീം ആപ്പ്’ ലോകത്തെ ഏറ്റവും വലിയ അത്ഭുതമാകുമെന്ന് പ്രധാനമന്ത്രി: ‘നിങ്ങളുടെ പെരുവിരലിലാണ് നിങ്ങളുടെ ബാങ്കും ബിസിനസും. ഒരു വലിയ വിപ്ലവം വരികയാണ്. ഭീം ആപ്പ് ലോകത്തെ ഏറ്റവും വലിയ അത്ഭുതമാകും’ ഡിജിറ്റല്‍ ഇടപാടുകള്‍ക്കായുള്ള മൊബൈല്‍ ആപ്പ് പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഭീം (ബിഎച്ച്‌ഐഎം) ആപ്പ് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഉപയോഗിക്കാന്‍ വളരെ എളുപ്പവുമാണിത്. ഉപയോഗിക്കാന്‍ ഇന്റര്‍നെറ്റ് വേണമെന്ന നിര്‍ബന്ധമില്ല. നിങ്ങള്‍ ഒരിക്കലെങ്കിലും ഡിജിറ്റല്‍ പണമിടപാട് നടത്തൂ. നിങ്ങളതിനു അടിമപ്പെടും. ഞാന്‍ ഉറപ്പുനല്‍കുന്നു മോദി പറഞ്ഞു.

ലക്കി ഗ്രഹക് യോജനയും ഡിജിധന്‍ വ്യാപാര്‍ യോജനയും രാജ്യത്തിനുള്ള ക്രിസ്മസ് സമ്മാനങ്ങളാണ്. 100 ദിവസത്തിനുള്ളില്‍ ഒട്ടേറെ കുടുംബങ്ങള്‍ക്ക് സമ്മാനങ്ങള്‍ ലഭിക്കും. 50 രൂപയില്‍ കൂടുതലോ 3000 രൂപയില്‍ കുറവോയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നവര്‍ക്കാകും സമ്മാനം നല്‍കുക. എങ്കില്‍ മാത്രമേ പാവങ്ങള്‍ക്കും വിജയിക്കാന്‍ സാധിക്കൂ. ഡോ.ബാബാസാഹബ് അംബേദ്കറുടെ ജന്മദിനത്തില്‍ ഏപ്രില്‍ 14ന് ലക്കി ഡ്രോയുടെ തിരഞ്ഞെടുപ്പ് നടത്തും. അടുത്ത 100 ദിവസത്തേക്ക് 1000 രൂപ വിലയുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. അതിന്റെ ഗുണം 15,000 പേര്‍ക്കു ലഭിക്കും.

ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് നമ്മുടെ രാജ്യത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും. മൂന്നു വര്‍ഷങ്ങള്‍ മുന്‍പുള്ള പത്രങ്ങള്‍ ശ്രദ്ധിക്കൂ. അഴിമതിയെക്കുറിച്ചുള്ളതായിരുന്നു അവയില്‍ അധികവും. എന്നാല്‍ ഇന്ന് വിജയത്തെക്കുറിച്ചുള്ള വാര്‍ത്തകളാണുള്ളതെന്നും മോദി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x