വി.പി സിംഗ് മന്ത്രിസഭയില്‍ ശാസ്ത്ര സാങ്കേതിക, വിദ്യാഭ്യാസ സഹമന്ത്രിയായിരുന്നു. ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1972 ജനുവരി മുതല്‍ സപ്തംബര്‍ വരെ ഐ.എസ്.ആര്.ഓ മേധാവിയുമായിരുന്നു.
ന്യൂഡല്‍ഹി: പ്രമുഖ ഭൗതിക ശാസ്ത്രജ്ഞനും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രൊഫ. എം.ജി.കെ മേനോന് (88) അന്തരിച്ചു. വി.പി സിംഗ് മന്ത്രിസഭയില്‍ ശാസ്ത്ര സാങ്കേതിക, വിദ്യാഭ്യാസ സഹമന്ത്രിയായിരുന്നു. ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1972 ജനുവരി മുതല്‍ സപ്തംബര്‍ വരെ ഐ.എസ്.ആര്.ഓ മേധാവിയുമായിരുന്നു. ടി.ഐ.എഫ്.ആര് ഡയറക്ടര്‍, ആസൂത്രണ കമ്മീഷന് അംഗം (1982-89), പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് (1986-89), കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്, രാജ്യസഭാംഗം (1990-96) എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1928 ആഗസ്ത് 28 ന് മംഗലാപുരത്താണ് അദ്ദേഹം ജനിച്ചത്. മാമ്പിളളിക്കളത്തില്‍ ഗോവിന്ദ കുമാര്‍ മേനോന് എന്നാണ് മുഴുവന്‍ പേര്. പിതാവ് ജോധ്പുര്‍ കൊട്ടാരത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു.
ജോധ്പൂരിലെ ജസ്വന്ത് കോളേജില്‍ നിന്നും ബോംബെയിലെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സില്‍ നിന്നും ബിരുദങ്ങള്‍ നേടിയ ശേഷം ബ്രിസ്റ്റള്‍ യുണിവഴ്സിറ്റിയില്‍ നിന്ന് 1953ല്‍ പി.എച്ച്.ഡി എടുത്തു. കോസ്മിക് കിരണങ്ങളും പാര്‍ട്ടിക്കള്‍ ഫിസിക്സും ആയിരുന്നു അദ്ദേഹത്തിന്റെ ഗവേഷണ മേഖല.
1955ല്‍ ഇന്ത്യയിലേക്കു തിരിച്ചു വന്ന് ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ (ടി.ഐ.എഫ്.ആര്) ജോലി സ്വീകരിച്ചു. എട്ടു വര്‍ഷത്തിന് ശേഷം 35ാം വയസില്‍ ടി.ഐ.എഫ്.ആര് ഡയറക്ടറായി. റോയല്‍ സൊസൈറ്റിയിലേയും ഇന്ത്യയിലെ മൂന്ന് ശാസ്ത്ര അക്കാദമികളിലേയും അംഗമായ എംജികെ മേനോനെ പദ്മശ്രീ (1961) പദ്മഭൂഷണ്‍ (1968) പദ്മവിഭൂഷണ് (1985) പുരസ്ക്കാരങ്ങള്‍ നല്കി രാജ്യം ആദരിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.