Currency

റെയില്‍വെ സുരക്ഷ വര്‍ധിപ്പിക്കാന്‍ സേഫ്റ്റി സെസ് ഏര്‍പ്പെടുത്തുന്നു

സ്വന്തം ലേഖകന്‍Saturday, May 20, 2017 12:13 pm

റെയില്‍വേ ട്രാക്കുകളുടെയും സിഗ്‌നല്‍ സംവിധാനങ്ങളുടെയും പരിഷ്‌കരണവും ആളില്ലാ ലെവല്‍ ക്രോസുകള്‍ ഇല്ലാതാക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഫണ്ട്. എല്ലാ വര്‍ഷവും സുരക്ഷാ നടപടികള്‍ക്കായി 20,000 കോടി രൂപ വീതം ചെലവഴിക്കാനാണ് പദ്ധതി.

ന്യുഡല്‍ഹി: റെയില്‍വേയില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി സേഫ്റ്റി സെസ് ഏര്‍പ്പെടുത്താന്‍ നീക്കം. ടിക്കറ്റില്‍ പ്രത്യേകം സെസ് ഏര്‍പ്പെടുത്തുന്നത് വഴി ഈ സാമ്പത്തിക വര്‍ഷം 5,000 കോടി രൂപ അധികമായി നേടാന്‍ കഴിയുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ.

റെയില്‍വേയില്‍ സുരക്ഷ നടപടികളിലേക്ക് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം കോടി രൂപയുടെ സേഫ്റ്റി ഫണ്ട് സൃഷ്ടിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. റെയില്‍വേ ട്രാക്കുകളുടെയും സിഗ്‌നല്‍ സംവിധാനങ്ങളുടെയും പരിഷ്‌കരണവും ആളില്ലാ ലെവല്‍ ക്രോസുകള്‍ ഇല്ലാതാക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഫണ്ട്. എല്ലാ വര്‍ഷവും സുരക്ഷാ നടപടികള്‍ക്കായി 20,000 കോടി രൂപ വീതം ചെലവഴിക്കാനാണ് പദ്ധതി.

എന്നാല്‍ ഇതുവരെ റെയില്‍വേയ്ക്ക് സേഫ്റ്റി ഫണ്ടിലേക്ക് 15,000 കോടി രൂപ മാത്രമാണ് സമാഹരിക്കാനായത്. സെസ് ഏര്‍പ്പെടുത്തുന്നതിലൂടെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന തുക റെയില്‍വേയ്ക്കായി ഉണ്ടാക്കിയ സുരക്ഷാ ഫണ്ടിലേക്ക് നല്‍കാന്‍ കഴിയും.താരിഫ് ഇതര മാര്‍ഗങ്ങളിലൂടെ അധിക വരുമാനം കണ്ടെത്തുക, ചരക്ക് നിരക്ക് വര്‍ധന, ടിക്കറ്റില്‍ സേഫ്റ്റി സെസ് കൊണ്ടുവരിക എന്നീ മൂന്ന് മാര്‍ഗങ്ങളാണ് ഫണ്ട് കണ്ടെത്താന്‍ റെയില്‍വേയ്ക്ക് മുന്നിലുള്ളതെന്ന് റെയില്‍വേ മന്ത്രാലയത്തിലെ മുതിര്‍ന്ന ഓഫീസര്‍ വ്യക്തമാക്കി.

അടുത്ത കാലത്ത് റെയില്‍വേയില്‍ അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സുരക്ഷാ മാര്‍ഗങ്ങള്‍ എത്രയും വേഗം സ്വീകരിക്കേണ്ട അവസ്ഥയിലാണ്. 2020 ഓടെ ആളില്ലാത്ത ലെവല്‍ ക്രോസുകള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യവും റെയില്‍വേയ്ക്കുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x