Currency

ഏകീകൃത നിരക്ക് മാറ്റി എല്ലാ ട്രെയിനിലും ഫ്‌ലെക്‌സി ചാര്‍ജിന് നീക്കം

സ്വന്തം ലേഖകന്‍Tuesday, January 10, 2017 11:05 am

തിരുവനന്തപുരം: റെയില്‍വേയില്‍ ഏകീകൃത നിരക്ക് സംവിധാനം മാറ്റി ഒരേ ക്ലാസില്‍ തന്നെ ട്രെയിന്‍ സര്‍വിസ്, സ്റ്റോപ്പുകളുടെ എണ്ണം, വേഗം, സഞ്ചരിക്കുന്ന പ്രദേശം, ഗ്രാമനഗരങ്ങള്‍, മെട്രോസിറ്റികള്‍ എന്നിവ അടിസ്ഥാനപ്പെടുത്തി വ്യത്യസ്ത നിരക്കുകള്‍ നിശ്ചയിക്കാന്‍ നീക്കം. ഒരേ ക്ലാസില്‍ ഒരേ ദൂരപരിധിയിലെ യാത്രക്ക് വ്യത്യസ്ത സ്ഥലങ്ങളില്‍ പല നിരക്കുകളാവും ഭാവിയില്‍ നല്‍കേണ്ടിവരിക. പുതിയ പരിഷ്‌കാരം ഏര്‍പ്പെടുത്തുന്നതിന് മുന്നോടിയായി പ്രധാന ഡിവിഷനുകളില്‍നിന്ന് നിര്‍ദേശങ്ങളും വിശദാംശങ്ങളും റെയില്‍വേ ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവില്‍ 146 പ്രീമിയം ട്രെയിനുകളിലാണ് തിരക്കിനനുസരിച്ച് നിരക്കില്‍ മാറ്റം വരുന്ന ഫ്‌ളെക്‌സി ചാര്‍ജ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ സംവിധാനം മറ്റ് പ്രധാന ട്രെയിനുകളില്‍കൂടി വ്യാപിപ്പിക്കാനാണ് ശ്രമം. ഇതിന് മുന്നോടിയായി താരിഫ് നിര്‍ണയിക്കുന്നതിന് അഞ്ചംഗസമിതിയെ ചുമതലപ്പെടുത്തും. നിലവില്‍ ബജറ്റുകളിലാണ് നിരക്കുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നത്. പുതിയസമിതി നിലവില്‍വരുന്നതോടെ ഈരീതിയും ഇല്ലാതാക്കും.

നിരക്ക് ഭേദഗതിക്കുള്ള മാനദണ്ഡങ്ങള്‍ ഉദാരമാകുന്നതോടെ യാത്രക്കാര്‍ക്കാവും തിരിച്ചടിയാവുക. യാത്രാനിരക്കിനൊപ്പം ചരക്ക് ഗതാഗത നിരക്കും നിര്‍ണയിക്കാനുള്ള അധികാരം ഈ സമിതിക്കുണ്ടാകും. യാത്രാനിരക്ക് വര്‍ധനക്കുള്ള സാഹചര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ നിലവില്‍ റെയില്‍വേ ടിക്കറ്റുകളില്‍ ചാര്‍ജിനൊപ്പം ആകെ യാത്രാച്ചെലവും സര്‍ക്കാര്‍ വഹിക്കുന്ന സബ്‌സിഡി നിരക്കും കൂടി രേഖപ്പെടുത്തുന്നുണ്ട്. കൗണ്ടറുകളില്‍നിന്നും പുറമേ ഓണ്‍ലൈനായും എടുക്കുന്ന എല്ലാ ടിക്കറ്റുകളിലും സബ്‌സിഡി നിരക്ക് കൂടി പ്രിന്റ് ചെയ്താണ് വിതരണം ചെയ്യുന്നത്. നിലവില്‍ മൊത്ത യാത്രാച്ചെലവിന്റെ 57 ശതമാനം മാത്രമേ യാത്രാക്കാരില്‍നിന്ന് ഈടാക്കുന്നുള്ളൂവെന്നാണ് റെയില്‍വേയുടെ വിശദീകരണം. സബര്‍ബന്‍ ട്രെയിനുകളില്‍ 37 ശതമാനവും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x