ന്യൂഡല്‍ഹി: രാജ്യത്ത് ഇപ്പോഴുള്ളതിന്റെ ആറിരട്ടി വേഗത്തില്‍ ഓടുന്ന ട്രെയിനുകള്‍ സര്‍വീസീനിറക്കാന്‍ റെയില്‍വേയുടെ പദ്ധതി. ലോകത്തെ ഏറ്റവും വേഗം കൂടിയ ബുള്ളറ്റ് ട്രെയിനുകളുടെ ഗണത്തിലുള്ള ജാപ്പനീസ് മഗ്ലേവ് ട്രെയിനുകള്‍ ഇന്ത്യയില്‍ ഓടിക്കാനാണ് പദ്ധതിയിടുന്നത്. മൂന്നുവര്‍ഷത്തിനകം ഇന്ത്യയില്‍ ആദ്യ മഗ്ലേവ് ബുള്ളറ്റ് ട്രെയിന്‍ ഓടിക്കാനാണു റെയില്‍വേയുടെ പദ്ധതി. കാന്തശക്തിയില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിനുകളാണ് മഗ്ലേവ്. ഇതിന്റെ സാധ്യതയെക്കുറിച്ചു പഠിക്കാന്‍ റെയില്‍ മന്ത്രാലയം റെയില്‍ ഇന്ത്യ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക് സര്‍വീസിനോടു നിര്‍ദേശിച്ചു. ആറുമാസത്തിനുള്ളില്‍ പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു നിര്‍ദേശം.
ഓടിത്തുടങ്ങുമ്പോള്‍ തറനിരപ്പില്‍നിന്ന് ഒന്നു മുതല്‍ ആറുവരെ ഇഞ്ച് ഉയര്‍ന്നായിരിക്കും മഗ്ലേവ് ട്രെയിനുകള്‍ സഞ്ചരിക്കുക. മണിക്കൂറില്‍ 350 മുതല്‍ 500 വരെ കിലോമീറ്ററാണ് മഗ്ലേവ് ട്രെയിനുകളുടെ ശരാശരി വേഗം. ജപ്പാനില്‍ അടുത്തിടെ മണിക്കൂറില്‍ അറുനൂറു കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന മഗ്ലേവ് ട്രെയിനുകള്‍ പാളത്തിലിറക്കിയിരുന്നു.
നിലവിലെ സാഹചര്യത്തില്‍ റെയില്‍വേയ്ക്ക് സാമ്പത്തികമായി ബാധ്യതയുണ്ടാക്കുന്നതാണ് മഗ്ലേവ് ട്രെയിനുകള്‍. ഇതു പരിഹരിക്കാന്‍ സാമ്പത്തിക സഹായം തേടാനായി വിവിധ കേന്ദ്രങ്ങളുമായി ചര്‍ച്ച നടത്താനാണു റെയില്‍വേയുടെ പദ്ധതി. നിരവധി വിദഗ്ധരുമായും റെയില്‍വേ ചര്‍ച്ച നടത്തുന്നുണ്ട്. പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയിലായിരിക്കും പദ്ധതി നടപ്പാക്കുക. പദ്ധതിയില്‍ താല്‍പര്യമുള്ള കമ്പനികളെ ക്ഷണിച്ചുകൊണ്ടു ജൂണില്‍ റെയില്‍വേ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.