
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പുതുതായി 200 രൂപ നോട്ടുകള്‍ പുറത്തിറക്കും. എന്നാല്‍ ഈ നോട്ടുകള്‍ എടിഎം വഴി ലഭിച്ചേക്കില്ലെന്നാണ് സൂചന. ബാങ്ക് കൗണ്ടറുകള്‍ വഴി മാത്രമായിരിക്കും പുതിയ 200 രൂപ നോട്ടുകള്‍ വിതരണം ചെയ്യുന്നതെന്ന് മുതിര്‍ന്ന റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. മാര്‍ച്ചില്‍ ചേര്‍ന്ന റിസര്‍വ് ബാങ്ക് ബോര്‍ഡ് യോഗമാണ് പുതിയ 200 രൂപ നോട്ടുകള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചത്.
ഈ വര്‍ഷം ജൂണോടെ നോട്ടുകള്‍ അച്ചടിച്ച് തുടങ്ങും. ഇന്ത്യയില്‍ 2220,000 എടിഎം മെഷീനുകളാണ് ഉള്ളത്. ഇവയില്‍ 200 രൂപ നോട്ടുകളുടെ പ്രോഗ്രാമുകള്‍ സെറ്റ് ചെയ്യുന്നതില്‍ കാലതാമസം വരും. ഈ കാലതാമസം നോട്ടുകള്‍ വിപണിയിലെത്താന്‍ വൈകുന്നതിനു കാരണമാകുന്നെതിനാലാണ് തുടക്കത്തില്‍ ബാങ്ക് ബ്രാഞ്ചുകള്‍ വഴി മാത്രം വിതരണം ചെയ്യാന്‍ തീരുമാനിച്ചത്.
നേരത്തെ 2000 രൂപ നോട്ടുകള്‍ ഇറങ്ങിയ സമയത്തും തുടക്കത്തില്‍ എടിഎമ്മില്‍ നിന്ന് പിന്‍വലിക്കുന്നതിന് സാധിച്ചിരുന്നില്ല. ചില്ലറക്ഷാമം ഇപ്പോഴും തുടരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. 1000 രൂപ നോട്ടുകള്‍ പുറത്തിറങ്ങുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ പുറത്തിറക്കുന്നില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.