
ന്യൂഡൽഹി: ബുധനാഴ്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്ന് സൂചന. റീപോ നിരക്ക് 6.25 ശതമാനത്തില്‍നിന്ന് ആറു ശതമാനത്തിലേക്കും കുറയ്ക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അര ശതമാനത്തിന്റെ കുറയ്ക്കൽ ഉണ്ടാകാനും സാധ്യതയുണ്ട്. കറന്‍സി റദ്ദാക്കലിനു ശേഷമുള്ള ആദ്യത്തെ പണനയ പ്രഖ്യാപനമാണ് ബുധനാഴ്ചത്തേത്.
മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) രൂപവത്കരിച്ചതിനു ശേഷമുള്ള രണ്ടാമത്തെ പണനയ പ്രഖ്യാപനവുമാണ്. നേരത്തെ ഒക്ടോബറിലെ ആദ്യയോഗത്തിൽ റീപോ നിരക്ക് കാല്‍ ശതമാനം കുറച്ചിരുന്നു. കറന്‍സി പിന്‍വലിച്ചശേഷം ബാങ്കുകളില്‍ 11 ലക്ഷത്തോളം കോടി രൂപയുടെ അധികനിക്ഷേപം എത്തിയതായാണ് വിവരം. ഇതുമൂലം ബാങ്കുകൾക്ക് സാമ്പത്തികഭാരം ഉണ്ടായിട്ടുണ്ട്.
അമിത നിക്ഷേപം വന്ന സാഹചര്യത്തില്‍ എസ്ബിഐയും മറ്റും ഇതിനോടകം നിക്ഷേപ പലിശ അല്പം കുറച്ചിരുന്നു. വായ്പാ പലിശ കുറയ്ക്കാന്‍ ആലോചന തുടങ്ങിയിട്ടില്ല. കറന്‍സി പിന്‍വലിക്കലിന്റെ ഒരു ഫലമായി പറയപ്പെടുന്നത് പലിശ കുറയലാണ്. എന്നാല്‍, ഇക്കാര്യത്തിൽ അത് എങ്ങനെയായിരിക്കും എന്നത് സംബന്ധിച്ച ഒരു വ്യക്തത വന്നിട്ടില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.