Currency

വിവാഹാവശ്യങ്ങള്‍ക്കുള്ള പണം: നടപടിക്രമങ്ങളില്‍ റിസര്‍വ് ബാങ്ക് ഇളവ് നല്‍കി

സ്വന്തം ലേഖകന്‍Wednesday, November 23, 2016 11:53 am

പുതിയ നിര്‍ദേശമനുസരിച്ച് രണ്ടരലക്ഷത്തില്‍ 10,000ത്തിന് മുകളിലുള്ള ചെലവുകള്‍ക്ക് മാത്രം രേഖ സമര്‍പ്പിച്ചാല്‍ മതി. നോട്ടുകള്‍ അസാധുവാക്കിയ നവംബര്‍ എട്ടാം തീയതിക്കകം ബാങ്കില്‍ പണം നീക്കിയിരിപ്പുണ്ടായിരുന്നവര്‍ക്കു മാത്രമേ വിവാഹാവശ്യത്തിനായി പണം പിന്‍വലിക്കാന്‍ കഴിയൂ.

മുംബൈ: വിവാഹാവശ്യത്തിനുള്ള രണ്ടരലക്ഷം രൂപ പിന്‍വലിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ റിസര്‍വ് ബാങ്ക് ഇളവ് നല്‍കി. നേരത്തേ വിവാഹാവശ്യത്തിന് പിന്‍വലിക്കാവുന്ന രണ്ടരലക്ഷം രൂപ ചെലവഴിക്കുന്നതിന്റെ എല്ലാ രേഖകളും സമര്‍പ്പിക്കണമെന്ന് ആര്‍ബിഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പുതിയ നിര്‍ദേശമനുസരിച്ച് രണ്ടരലക്ഷത്തില്‍ 10,000ത്തിന് മുകളിലുള്ള ചെലവുകള്‍ക്ക് മാത്രം രേഖ സമര്‍പ്പിച്ചാല്‍ മതി. നോട്ടുകള്‍ അസാധുവാക്കിയ നവംബര്‍ എട്ടാം തീയതിക്കകം ബാങ്കില്‍ പണം നീക്കിയിരിപ്പുണ്ടായിരുന്നവര്‍ക്കു മാത്രമേ വിവാഹാവശ്യത്തിനായി പണം പിന്‍വലിക്കാന്‍ കഴിയൂ. ഡിസംബര്‍ 30 വരെ നടക്കുന്ന വിവാഹങ്ങള്‍ക്കു മാത്രമേ പണം പിന്‍വലിക്കാനാവൂ എന്നും വ്യവസ്ഥയുണ്ട്.

ശൈത്യകാല കൃഷിക്ക് കര്‍ഷകര്‍ക്ക് ആവശ്യമായ വിത്തും വളവും മറ്റും വാങ്ങുന്നതിന് ഗ്രാമീണ സഹകരണ ബാങ്കുകള്‍ക്ക് പണലഭ്യത ഉറപ്പാക്കാനും ബാങ്കുകളോട് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. ജില്ല സഹകരണ ബാങ്കുകള്‍ക്ക് 35,000 കോടി രൂപ വേണ്ടിവരുമെന്നും എന്നാലേ ആഴ്ചയില്‍ 10,000 കോടി വീതം കര്‍ഷകര്‍ക്ക് വായ്പയായി നല്‍കാന്‍ കഴിയൂവെന്നും ആര്‍.ബി.ഐ കണക്കാക്കുന്നു. ദേശീയ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ (നബാര്‍ഡ്) സ്വന്തം വായ്പ പണമായ 23,000 കോടി ജില്ല സഹകരണ ബാങ്കുകള്‍ വഴി പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

വായ്പകള്‍ നല്‍കാനാവശ്യമായ പണം ബാങ്കുകള്‍ അവരുടെ ചെസ്റ്റുകളില്‍ സൂക്ഷിക്കണമെന്നും ആര്‍.ബി.ഐ നിര്‍ദേശിക്കുന്നു. കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തിങ്കളാഴ്ച ആര്‍.ബി.ഐ, നബാര്‍ഡ്, മറ്റ് ബാങ്ക് പ്രതിനിധികള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയെതുടര്‍ന്നാണ് ഉത്തരവുണ്ടായത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x