Currency

സത്യസന്ധരായ പൗരന്‍മാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കും; ഉര്‍ജിത് പട്ടേല്‍

സ്വന്തംലേഖകന്‍Sunday, November 27, 2016 8:15 pm

ആവശ്യത്തിന് നോട്ടുകള്‍ ലഭ്യമാണ്. അവ ബാങ്കുകളിലും എ.ടി.എമ്മുകളിലും കൃത്യമായി എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കിവരുന്നു.

മുംബൈ: സത്യസന്ധരായ പൗരന്‍മാരുടെ ബുദ്ധിമുട്ട് പരിഹരിക്കാനുള്ള എല്ലാ നടപടികളും റിസര്‍വ് ബാങ്ക് കൈക്കൊണ്ടിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. ബാങ്ക് ഇടപാടുകള്‍ ഉടന്‍ തന്നെ സാധാരണ നിലയിലേക്ക് എത്തിച്ചേരുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യത്തിന് നോട്ടുകള്‍ ലഭ്യമാണ്. അവ ബാങ്കുകളിലും എ.ടി.എമ്മുകളിലും കൃത്യമായി എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കിവരുന്നു. വിപണിയുടെ ആവശ്യത്തിനുള്ള നോട്ടുകള്‍ താമസിയാതെ പുറത്തിറങ്ങുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ചതിനു ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആദ്യമായാണ് വിഷയത്തില്‍ പ്രതികരിക്കുന്നത്.

സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും മേല്‍നോട്ടത്തില്‍ പ്രസ്സുകള്‍ പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിക്കുകയാണെന്നും റിസര്‍വ് ബാങ്ക് നടപടികള്‍ വിശദമാക്കിക്കൊണ്ട് അദേഹം പറഞ്ഞു. നവംബര്‍ എട്ടിനാണ് സര്‍ക്കാര്‍ നോട്ട് പിന്‍വലിക്കാനുള്ള തീരുമാനം പ്രഖ്യപാപിച്ചത്. വിഷയത്തില്‍ ഉര്‍ജിത് പട്ടേല്‍ പ്രതികരിക്കാത്തതിന് എതിരെ പല കോണുകളില്‍ നിന്നും വിമര്‍ശമുയര്‍ന്നിരുന്നു. പകര്‍ത്താന്‍ സാധിക്കാത്ത രീതിയിലുള്ള സുരക്ഷാസംവിധാനങ്ങള്‍ പുതിയ 500, 2000 രൂപാ നോട്ടുകളിലുണ്ടെന്നും ഉര്‍ജിത് പട്ടേല്‍ പറഞ്ഞു. നോട്ടുകള്‍ക്കു പകരം ഡെബിറ്റ് കാര്‍ഡ് പോലെയുള്ള മാര്‍ഗങ്ങള്‍ ഉപയോഗിച്ചുതുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x