Currency

ഹോട്ടല്‍ ബില്ലില്‍ നിര്‍ബന്ധിത സര്‍വീസ് ചാര്‍ജ് നിയമവിരുദ്ധമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം

സ്വന്തം ലേഖകന്‍Wednesday, January 4, 2017 12:50 pm

ന്യൂഡല്‍ഹി: ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ബില്ലില്‍ നിര്‍ബന്ധിതമായി സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമത്തിനു വിരുദ്ധമാണെന്നു കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം. ഹോട്ടലുകളും റസ്റ്ററന്റുകളും അഞ്ചുമുതല്‍ 20 വരെ ശതമാനം ‘നിര്‍ബന്ധിത ടിപ്പ്’ ഇനത്തില്‍ ബില്ലില്‍ ഉള്‍പ്പെടുത്തി ഉപഭോക്താക്കളില്‍ നിന്നു സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതായി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഉപഭോക്തൃ മന്ത്രാലയത്തിന്റെ ഇടപെടല്‍. ഉപഭോക്താവിനു താല്‍പര്യമില്ലെങ്കില്‍ സര്‍വീസ് ചാര്‍ജ് നല്‍കേണ്ടതില്ലെന്നും മന്ത്രാലയം നിലപാടെടുത്തു. ഇക്കാര്യത്തില്‍ ഹോട്ടലുകള്‍ക്കും റസ്റ്ററന്റുകള്‍ക്കും നിര്‍ദേശം നല്‍കാന്‍ ഉപഭോക്തൃകാര്യ മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഉപഭോക്താവിനു താല്‍പര്യമുണ്ടെങ്കില്‍ മാത്രം സര്‍വീസ് ചാര്‍ജ് നല്‍കിയാല്‍ മതിയെന്നു ഹോട്ടലുകളിലും റസ്റ്ററന്റുകളിലും കാണത്തക്ക വിധം ബോര്‍ഡ് വയ്ക്കണമെന്നും നിര്‍ദേശമുണ്ട്. സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതു സംബന്ധിച്ചു ഹോട്ടല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്നു മന്ത്രാലയം വിശദീകരണം തേടിയിരുന്നു. സര്‍വീസ് ചാര്‍ജ് നിര്‍ബന്ധമല്ലെന്നും ഉപഭോക്താവിനു താല്‍പര്യമില്ലെങ്കില്‍ അതൊഴിവാക്കി തുക നല്‍കാനാകുമെന്നും അസോസിയേഷന്‍ മന്ത്രാലയത്തിനു മറുപടി നല്‍കി.

ഇതെത്തുടര്‍ന്നാണ് ഇക്കാര്യത്തില്‍ വ്യാപകമായ ബോധവല്‍ക്കരണം നടത്താന്‍ മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കിയത്. സര്‍വീസ് ചാര്‍ജ് ‘ടിപ്പ്’ ഇനത്തിലാണെന്ന് അറിയാത്ത ഉപഭോക്താക്കള്‍ ബില്ലിലെ സര്‍വീസ് ചാര്‍ജിനു പുറമേ വെയിറ്റര്‍മാര്‍ക്കു പ്രത്യേകമായി ടിപ്പും നല്‍കാറുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x