Currency

ആവശ്യത്തിന് പണം എത്തിയില്ല; ശമ്പളവിതരണത്തില്‍ ഇന്നും പ്രതിസന്ധി

സ്വന്തം ലേഖകന്‍Friday, December 2, 2016 11:50 am

തിരുവനന്തപുരം: സംസ്ഥാനത്ത് ശമ്പളവിതരണത്തില്‍ ഇന്നും പ്രതിസന്ധി. 250 മുതല്‍ 300 കോടിരൂപവരെ കിട്ടിയാലേ ഇന്ന് എല്ലാവര്‍ക്കും ശമ്പളവും പെന്‍ഷനും നല്‍കാന്‍ സാധിക്കൂ. രണ്ടുകോടി വേണ്ട കോഴിക്കോട് ട്രഷറിയില്‍ ഉള്ളത് 17 ലക്ഷം മാത്രം. ബാങ്കുകളിലും ട്രഷറികളിലും പണമെത്തിക്കാന്‍ മൂന്നുമണിക്കൂര്‍ വേണ്ടിവരും. തിരുവനന്തപുരം ജില്ലാ ട്രഷറിയില്‍ തിരക്ക് കുറവുണ്ടെങ്കിലും ഗ്രാമപ്രദേശങ്ങളില്‍ തിരക്ക് കുറഞ്ഞിട്ടില്ല. കൊച്ചിയിലെ ട്രഷറികളിലും തിരക്കിന് കുറവില്ല.

24000 രൂപവച്ച് എല്ലാവര്‍ക്കും നല്‍കണമെങ്കില്‍ ഇന്നെങ്കിലും ട്രഷറികളില്‍ ആവശ്യത്തിന് പണമെത്തണം. 167 കോടിരൂപ ചോദിച്ചിട്ട് ഇന്നലെ ട്രഷറികള്‍ക്ക് കിട്ടിയത് 111 കോടിരൂപ മാത്രമായിരുന്നു. 56 കോടിരൂപയുടെ കുറവ്. ട്രഷറിനീക്കിയിരിപ്പും കൂടി ചേര്‍ത്താണ് 122 കോടിരൂപ വിതരണം ചെയ്തത്. ആകെ 4.35 ലക്ഷം വരുന്ന പെന്‍ഷന്‍കാരില്‍ 59000 പേര്‍ക്ക് മാത്രമാണ് ഇന്നലെ പെന്‍ഷന്‍ കിട്ടിയത്.

അതിലേറെയും ചെറിയ തുക പെന്‍ഷന്‍ കിട്ടുന്നവരും. വലിയ തുക പെന്‍ഷന്‍ കിട്ടുന്നവര്‍ ഇന്നുമുതലാണ് ട്രഷറിയില്‍ എത്തുന്നത്. കഴിഞ്ഞമാസം രണ്ടാമത്തെ ശമ്പളദിവസം ബാങ്കുകള്‍ ട്രഷറികള്‍ക്ക് നല്‍കിയത് 130 കോടിരൂപ ആയിരുന്നു. ഇന്നലത്തെ കമ്മി കൂടിയാകുമ്പോള്‍ 250 കോടിരൂപമുതല്‍ 300 കോടിരൂപ വരെയെങ്കിലും വേണ്ടിവരും ഇന്ന് എല്ലാവര്‍ക്കും ശമ്പളവും പെന്‍ഷനും നല്‍കാന്‍. ഇന്ന് നോട്ട് ക്ഷാമം ഉണ്ടാകാതിരിക്കാന്‍ ഇന്നലെ റിസര്‍വ് ബാങ്ക് എസ്.ബി.ടിക്ക് 300 കോടിരൂപയും കാനറ ബാങ്കിന് 80 കോടിയോളം രൂപയും നല്‍കിയിരുന്നു.

എസ്.ബി.ഐക്ക് ബുധനാഴ്ച 300 കോടി കിട്ടി. ഇന്ന് 150 കോടിരൂപ എസ്.ബി.ഐക്ക് നല്‍കാമെന്നാണ് ആര്‍.ബി.ഐ ഉറപ്പ് നല്‍കിയിരിക്കുന്നത്. രാവിലെതന്നെ ട്രഷറിയിലും ബാങ്കിലും എത്തിയാല്‍ പണം കിട്ടണമെന്നില്ലെന്ന് ഇന്നലെ ധനമന്ത്രി പറഞ്ഞിരുന്നു. ബില്ല് പാസാക്കി ബാങ്കുകളിലും ട്രഷറികളിലും എത്തുന്നതിന് മൂന്നുമണിക്കൂര്‍ വരെ സമയം എടുക്കാം. അതിനാല്‍ ആശങ്ക വേണ്ടന്നും ഏതെങ്കിലും ട്രഷറിയില്‍ പണം എത്തിയില്ലെങ്കില്‍ മറ്റ് ട്രഷറികളില്‍ എത്തി പണം വാങ്ങാമെന്നും ധനവകുപ്പ് വ്യക്തമാക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x