Currency

കേരളത്തിലേക്കുള്ള പ്രവാസി യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സൗദി എയര്‍ലൈന്‍സ് സര്‍വീസ് പുതിയ ടെര്‍മിനലിലേക്ക്

സ്വന്തം ലേഖകന്‍Thursday, October 24, 2019 11:54 am

ജിദ്ദ: ജിദ്ദയില്‍ നിന്നും കോഴിക്കോട്, കൊച്ചി എന്നിവയുള്‍പ്പടെ ഇന്ത്യന്‍ സെക്ടറുകളിലേക്കുള്ള സൗദി എയര്‍ലൈന്‍സ് സര്‍വ്വീസുകള്‍ പുതിയ ടെര്‍മിനലിലേക്ക് മാറ്റുന്നു. ഡിസംബര്‍ 10 മുതല്‍ പുതിയ ടെര്‍മിനലില്‍ നിന്നായിരിക്കും സൗദിയ ഇന്ത്യയിലേക്ക് സര്‍വ്വീസ് നടത്തുക.

ഘട്ടം ഘട്ടമായാണ് പഴയ ടെര്‍മിനലില്‍ നിന്നും പുതിയ ടെര്‍മിനലിലേക്ക് സൗദി സര്‍വ്വീസുകള്‍ മാറ്റികൊണ്ടിരിക്കുന്നത്. കോഴിക്കോടും, കൊച്ചിയും ഉള്‍പ്പെടെ ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബംഗളുരു, ചെന്നൈ, ഇസ്തംബൂള്‍, അങ്കാറ, തുനീസ്, ലഖ്നൗ എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ ഡിസംബര്‍ 10ന് അഞ്ചാം ഘട്ടിലാണ് പുതിയ ടെര്‍മിനലില്‍ എത്തുക.

രണ്ട് ഘട്ടങ്ങളിലായി നിരവധി സര്‍വ്വീസുകള്‍ ഇതിനോടകം തന്നെ മാറ്റിയിട്ടുണ്ട്. അടുത്ത മാസം മുന്നിന് മൂന്നാം ഘട്ടം ആരംഭിക്കുന്നതോടെ ഏതന്‍സ്, റോം, ഫ്രാങ്ക്ഫര്‍ട്ട്, ജനീവ, മ്യൂണിച്ച്, മിലാന്‍, വിയന്ന എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ പുതിയ ടെര്‍മിനലില്‍ നിന്നാകും. അടുത്ത മാസം തന്നെ പകുതിയോടെ ആരംഭിക്കുന്ന നാലാം ഘട്ടത്തില്‍ ദമ്മാം, അല്‍ ഖസീം, കയ്റോ, ഖാര്‍ത്തൂം, കുവൈത്ത്, നെയ്റോബി, ബെയ്റൂത്ത് എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസുകളും മാറും. ഡിസംബര്‍ 10ന് അഞ്ചാം ഘട്ടം ആരംഭിക്കും.

ഡിസംബര്‍ 20 മുതല്‍ സൗദിയയുടെ ബാക്കിയുള്ള മുഴുവന്‍ സര്‍വ്വീസുകളും മാറ്റും. സൗദിയിലെ മറ്റു വിമാന കമ്പനികളുടെ സര്‍വ്വീസുകള്‍ ഈ വര്‍ഷാവസാനത്തോടെയും, വിദേശ വിമാനകമ്പനികളുടെ സര്‍വ്വീസുകള്‍ അടുത്ത വര്‍ഷം ആദ്യപാദത്തോടെയും പുതിയ ടെര്‍മിനലിലേക്ക് മാറ്റാനും പദ്ധതിയുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x