Currency

വിവാദ സര്‍ക്കുലര്‍ തിരുത്തി: എസ്ബിഐയില്‍ മാസത്തില്‍ പത്ത് എടിഎം ഇടപാടുകള്‍ സൗജന്യം

സ്വന്തം ലേഖകന്‍Friday, May 12, 2017 11:50 am

 

മുംബൈ: വിവാദ സര്‍ക്കുലറില്‍ വ്യക്തത വരുത്തി എസ്ബിഐ. എടിഎം ഇടപാടുകള്‍ക്ക് 25 രൂപ സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തുമെന്ന വിവാദ സര്‍ക്കുലറിലാണ് എസ്ബിഐ തിരുത്തല്‍ വരുത്തിയിട്ടുള്ളത്. സാധാരണ സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ഓരോ മാസവും 10 എടിഎം ഇടപാടുകള്‍ സൗജന്യമായിരിക്കുമെന്നാണ് എസ്ബിഐയുടെ പുതിയ വിശദീകരണം. അതേസമയം ഡിജിറ്റല്‍ വാലറ്റായ എസ്ബിഐ ബഡ്ഡി ഉപയോഗിക്കുന്നവര്‍ക്കാണ് 25 രൂപ സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തിയതെന്നാണ് ബാങ്കിന്റെ വിശദീകരണം.

എസ്ബിഐയുടെ വിവാദ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി വന്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് വിവാദ ഉത്തരവ് പിന്‍വലിച്ചത്. സാധാരണ സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ഓരോ മാസവും 10 എടിഎം ഇടപാടുകള്‍ സൗജന്യമായിരിക്കും. ഇതില്‍ അഞ്ച് ഇടപാടുകള്‍ എസ്ബിഐയുടെ എടിഎമ്മുകളിലും അഞ്ചെണ്ണം മറ്റു ബാങ്കുകളുടെ എടിഎമ്മുകളിലും നടത്താം. ആദ്യത്തെ 10 ഇടപാടുകള്‍ക്ക് ശേഷമുള്ള ഓരോ ഇടപാടിനും 25 രൂപ ഈടാക്കും. എന്നാല്‍ മെട്രോ നഗരങ്ങളില്‍ എട്ട് ഇടപാടുകളായിരിക്കും സൗജന്യമായി നടത്താന്‍ സാധിക്കുക.

എസ്ബിഐ അക്കൗണ്ടില്ലാത്ത ‘ബഡി’ ഉപഭോക്താക്കളെ മാത്രം ഉദ്ദേശിച്ചുള്ളതായിരുന്നു ആദ്യ ഉത്തരവെന്നാണ് എസ്ബിഐ ഇപ്പോള്‍ വിശദീകരിക്കുന്നത്. അതേസമയം, പഴയ നോട്ടുകള്‍ മാറുന്നതിന് സര്‍വീസ് ചാര്‍ജ് ഈടാക്കുമെന്ന ഉത്തരവ് പിന്‍വലിച്ചിട്ടില്ല. ഇരുപത് മുഷിഞ്ഞ നോട്ടുകള്‍ അല്ലെങ്കില്‍ അയ്യായിരം രൂപവരെ മാത്രമേ ഇനി സൗജന്യമായി മാറാന്‍ സാധിക്കൂവെന്നായിരുന്നു നിര്‍ദ്ദേശം.

ബേയ്സിക് സേവിങ്സ് ബാങ്ക് ഡെപോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ടുകള്‍ ഉള്ളവരുടെ ചെക്ക് ബുക്കിനും ഇനി മുതല്‍ പണം ഈടാക്കും. റുപെയുടെ ക്ലാസിക് എടിഎം കാര്‍ഡ് മാത്രമേ സൗജന്യമായി ലഭിക്കൂവെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x