
കൊച്ചി: കൊച്ചി മെട്രോയുടെ പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള രണ്ടാം ഘട്ടത്തിന് അനുമതി. ബാംഗ്ലൂര്‍ ഉപകേന്ദ്രത്തില്‍ നിന്നുള്ള മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അനുമതി ലഭിച്ചത്. മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണര്‍ (സിഎംആര്‍എസ്) കെ.എ മനോഹരന്റെ നേതൃത്വത്തില്‍ രണ്ടു ദിവസമായി നടന്ന പരിശോധനയില്‍ രണ്ടാം റീച്ചിലെ സൗകര്യങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ചിട്ടുള്ള സാഹചര്യ ത്തിലാണ് അനുകൂല റിപ്പോര്‍ട്ട്.
രണ്ട് ദിവസമായി നടന്ന പരിശോധനയില്‍ ആദ്യദിനം മെട്രോ സ്റ്റേഷനുകളിലെയും യാത്രക്കാര്‍ക്ക് ഏര്പ്പെടുത്തിയിട്ടുള്ളതുമായി സൗകര്യങ്ങളാണ് പ്രധാനമായും വിലയിരുത്തിയത്. മെട്രോയുടെ എറ്റവും വലിയ സ്റ്റേഷനായ കലൂര്‍ സ്റ്റേഡിയം സ്റ്റേഷനില്‍ ആറുമണിക്കൂറിലേറെ സമയമെടുത്ത് നടത്തിയ പരിശോധനകള്‍ക്ക് ശേഷം മറ്റു സ്റ്റേഷനുകളിലെ സൗകര്യങ്ങള്‍ സംഘം വിലയിരുത്തി.
രണ്ടാം ദിവസം ട്രെയിനിലേയും ട്രാക്കിലേയും പരിശോധനകളാണ് പ്രധാനമായി നടന്നത്. മട്ടം യാര്‍ഡിലെ സംവിധാനങ്ങളും പരിശോധനാ വിധേയമാക്കി. ശ്രദ്ധയില്‍പ്പെട്ട ചെറിയ പോരായ്മകള്‍ എത്രയും വേഗം പരിഹരിക്കാന്‍ കമ്മീഷണര്‍ മെട്രോ അധികൃതര്‍ക്കു നിര്‍ദേശം നല്കി. അനുമതി ലഭിച്ചതോടെ അടുത്ത മാസം മുന്നിന് പാലാരിവട്ടത്തുനിന്നു മഹാരാജാസ് ഗ്രൗണ്ട് സ്റ്റേഷനിലേക്ക് മെട്രോ ഓടിത്തുടങ്ങും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.