
ന്യൂഡല്‍ഹി: മുന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ വിയോഗം പ്രവാസി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി. കഴിഞ്ഞ മോദി മന്ത്രിസഭയിലെ ‘സ്റ്റാര്‍ മിനിസ്റ്റര്‍’ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന സുഷമ സ്വരാജ് എപ്പോഴും വിദേശ രാജ്യങ്ങളില്‍ അകപ്പെട്ട ഇന്ത്യക്കാര്‍ക്ക് താങ്ങായും തണലായും ഒപ്പമുണ്ടായിരുന്നു. വളരെ വേഗം പ്രശ്ന പരിഹാരം നടത്തിയും വിദേശകാര്യ മന്ത്രാലയത്തിന് മനുഷ്യത്വത്തിന്റെയും സ്നേഹത്തിന്റെയും കരുതലിന്റെയും മുഖം നല്‍കിയ സുഷ്മ സ്വരാജിനെ ട്വിറ്ററില്‍ ലഭിക്കുന്ന പരാതികളെ പോലും ഗൗരവത്തിലെടുത്ത് സഹായമെത്തിക്കാന്‍ ശ്രമിച്ച വിദേശകാര്യമന്ത്രി എന്ന നിലക്കാണ് പ്രവാസികള്‍ നെഞ്ചേറ്റുന്നത്.
മോദി സര്‍ക്കാര്‍ പ്രവാസി മന്ത്രാലയം റദ്ദാക്കിയ ആശങ്കകള്‍ക്കിടയിലാണ് പ്രവാസികാര്യം ലയിപ്പിച്ച വിദേശകാര്യ വകുപ്പിന്റെ മന്ത്രിയായി സുഷമാ സ്വരാജ് എത്തിയത്. ഒരു ട്വിറ്റര്‍ സന്ദേശത്തിന്റെയും ഫേസ്ബുക്ക് പോസ്റ്റിന്റെയും അകലത്തില്‍ തങ്ങള്‍ക്കൊരു മന്ത്രിയുണ്ട് എന്ന തോന്നല്‍ പ്രവാസികളിലുണ്ടാക്കാനും ആശങ്ക അകറ്റാനും സുഷമാ സ്വരാജിന് സാധിച്ചു.
ദുരിതത്തില്‍ കഴിയുന്ന നൂറുകണക്കിന് പ്രവാസികള്‍ക്ക് സുഷമ സ്വരാജിന്റെ ഇടപെടലില്‍ നാട്ടിലേക്ക് മടങ്ങാന്‍ സാധിച്ചിട്ടുണ്ട്. നിയമത്തിന്റെ നൂലാമാലകള്‍ക്ക് അപ്പുറത്ത് മനുഷ്യത്വപരമായ ഇടപെടലുകളാണ് സുഷമാ സ്വരാജിനെ പ്രവാസികള്‍ക്ക് പ്രിയപ്പെട്ടതാക്കിയത്. എന്നാല്‍ മോദി സര്‍ക്കാരിന്റെ രണ്ടാം വരവില്‍ സുഷമ ഒപ്പമുണ്ടായില്ല. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രിസഭയില്‍ നിന്നും സ്വയം മാറി നില്‍ക്കുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു മുന്‍ വിദേശകാര്യ മന്ത്രി സുഷ്മാ സ്വരാജിന്റെ അവസാന വാക്കുകള്‍. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ അനുച്ഛേദം 370 റദ്ദാക്കിയ ബില്ലിനെ സ്വാഗതം ചെയ്ത സുഷമ സ്വരാജ് മോദിക്ക് നന്ദി അറിയിച്ച് ട്വിറ്ററില്‍ കുറിച്ചിരുന്നു.
മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമ സ്വരാജ് ഇന്നലെയാണ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ രാത്രി 10 മണിയോടെയായിരുന്നു അന്ത്യം. 67 വയസ്സായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.