
തിരുവനന്തപുരം: സംസ്ഥാന സന്ദര്‍ശനം നടത്തുന്ന യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിസഭാംഗങ്ങള്‍ ചര്‍ച്ച നടത്തും. ഇന്ന് ഗവര്‍ണറുമായും കൂടിക്കാഴ്ച നടത്തും. രാജ്ഭവനിലാണ് കൂടിക്കാഴ്ച. ഉച്ചവിരുന്നും രാജ്ഭവനിലാണ് ഒരുക്കുന്നത്.
കേരളവും ഷാര്‍ജയും തമ്മില്‍ സഹകരിക്കാവുന്ന മേഖലകളെക്കുറിച്ച് വിശദ ചര്‍ച്ച നടക്കും. നേരത്തേ മുഖ്യമന്ത്രി ഗള്‍ഫ് സന്ദര്‍ശിച്ചതിനിടെ ഷാര്‍ജ ഭരണാധികാരിയുമായി നടത്തിയ ചര്‍ച്ചയില്‍ ഉയര്‍ന്ന വിഷയങ്ങളിലും തുടര്‍ചര്‍ച്ചയും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്യാഭ്യാസം, വിനോദസഞ്ചാരം, ആയുര്‍വേദം തുടങ്ങിയ മേഖലകളിലെ സഹകരണം സംസ്ഥാനം ലക്ഷ്യമിടുന്നുണ്ട്. മുഖ്യമന്ത്രി വിശദമായ പ്രസന്റേഷന്‍ യോഗത്തില്‍ നടത്തും. ചീഫ് സെക്രട്ടറി, അഡീഷനല്‍ ചീഫ് സെക്രട്ടറിമാര്‍, പ്രധാന ഉദ്യോഗസ്ഥര്‍, ഷാര്‍ജ ഭരണാധികാരിയോടൊപ്പം എത്തിയ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും.
മന്ത്രിസഭാംഗങ്ങളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഗവര്‍ണര്‍ ജ. പി. സദാശിവവും ഷാര്‍ജ ഭരണാധികാരിയും തമ്മിലും ചര്‍ച്ച നടക്കും. വൈകിട്ട് 6.30ന് കോവളം ലീല ഹോട്ടലില്‍ പ്രത്യേക സാംസ്‌കാരിക പരിപാടി അദ്ദേഹത്തിനായി ഒരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുടെ ചായ സത്ക്കാരം ഉണ്ട്. ശേഷം 11 മണിക്ക് രാജ്ഭവനില്‍ സംഘടിപ്പിച്ചിട്ടുള്ള ചടങ്ങില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ ഓണററി ഡി. ലിറ്റ് സ്വീകരിക്കും.
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയുടെ ക്ഷണം സ്വീകരിച്ച് 27ന് കൊച്ചിയിലെ പരിപാടിയിലും അദ്ദേഹം സംബന്ധിക്കും. വ്യാഴാഴ്ചയാണ് ഷാര്‍ജ ഭരണാധികാരിയുടെ മടക്കം. ഇന്നലെ വൈകുന്നേരമാണ് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കേരളത്തിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അദ്ദേഹത്തിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.