Currency

ഷാര്‍ജ ഭരണാധികാരി 24ന് കേരളത്തില്‍

സ്വന്തം ലേഖകന്‍Friday, September 22, 2017 11:46 am

തിരുവനന്തപുരം: യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസ്മി ഈ മാസം 24ന് കേരളത്തില്‍ എത്തും. കോഴിക്കോട് സര്‍വകലാശാലയുടെ ഡിലിറ്റ് ബിരുദം സ്വീകരിക്കാനെത്തുന്ന അദ്ദേഹം നാലു ദിവസം കേരളത്തില്‍ തങ്ങും.

ഞായറാഴ്ച വൈകിട്ട് മൂന്നു മണിക്ക് തിരുവനന്തപുരത്ത് വിമാനം ഇറങ്ങുന്ന ഷാര്‍ജ ഭരണാധികാരിക്ക് വന്‍ സ്വീകണമാകും ലഭിക്കുക. തൊട്ടടുത്ത ദിവസം കാലത്ത് സെക്രട്ടറിയറ്റില്‍ മന്ത്രിസഭാംഗങ്ങളുമായി അദ്ദേഹം ആശയവിനിമയം നടത്തും. തുടര്‍ന്ന് രാജ്ഭവനില്‍ ഗവര്‍ണറുമായി കൂടിക്കാഴ്ചയും ഗവര്‍ണറുടെ ഉച്ചവിരുന്നും നടക്കും. വൈകിട്ട് ആറരക്ക് ഹോട്ടല്‍ ലീലയില്‍ കേരളത്തിന്റെ തനതു കലാരൂപങ്ങള്‍ ഉള്‍പ്പെടുന്ന സാംസ്‌കാരിക പ്രദര്‍ശനം ഒരുക്കും.

26ന് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ വക ക്ലിഫ് ഹൗസില്‍ ചായസല്‍ക്കാരം. തുടര്‍ന്ന് രാജ്ഭവനില്‍ വെച്ച നടക്കുന്ന ചടങ്ങിലാകും ഡിലിറ്റ് വിതരണം. ബുധനാഴ്ച വ്യവസായ പ്രമുഖന്‍ എം.എ യൂസുഫലിക്കൊപ്പം കൊച്ചിയില്‍ സ്വകാര്യ സന്ദര്‍ശനം. അന്നു വൈകിട്ട് ശൈഖ് സുല്‍ത്താന്‍ ആല്‍ ഖാസ്മി ഷാര്‍ജയിലേക്ക് മടങ്ങും.

ഷാര്‍ജ ഭരണാധികാരിക്കൊപ്പം യു.എ.ഇയില്‍ നിന്നുള്ള നിരവധി പ്രമുഖരും കേരളത്തിലെത്തും. ഡിസംബറില്‍ യു.എ.ഇ സന്ദര്‍ശന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഷാര്‍ജ ഭരണാധികാരിയെ കേരളത്തിലേക്ക് ക്ഷണിച്ച് ഔദ്യോഗികമായി കത്ത് കൈമാറിയത്. മലയാളി സമൂഹത്തോട് എന്നും താല്‍പര്യം പുലര്‍ത്തുന്ന ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസ്മി ക്ഷണം സ്വീകരിക്കുകയായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x