കനേഡിയന്‍ സ്പേസ് ഏജന്‍സിയുടെ ബഹിരാകാശ യാത്രികരെ തെരഞ്ഞെടുക്കുന്ന പ്രക്രിയ നടക്കുകയാണെന്നും എന്നാല്‍ താന്‍ അതില്‍ പങ്കെടുത്തിട്ടില്ലെന്നും ഇന്ത്യന്‍ വംശജയായ ബഹിരാകാശയാത്രിക ഷവ്ന പാണ്ഡ്യ വ്യക്തമാക്കി.
മുംബൈ: നാസയുടെ ബഹിരാകാശ ദൗത്യത്തിന് തിരഞ്ഞെടുക്കപ്പെട്ടെന്ന റിപ്പോര്‍ട്ട് തെറ്റെന്ന് ഷവ്ന പാണ്ഡ്യ. കനേഡിയന്‍ സ്പേസ് ഏജന്‍സിയുടെ ബഹിരാകാശ യാത്രികരെ തെരഞ്ഞെടുക്കുന്ന പ്രക്രിയ നടക്കുകയാണെന്നും എന്നാല്‍ താന്‍ അതില്‍ പങ്കെടുത്തിട്ടില്ലെന്നും ഇന്ത്യന്‍ വംശജയായ ബഹിരാകാശയാത്രിക ഷവ്ന പാണ്ഡ്യ വ്യക്തമാക്കി. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഷവ്ന വിശദീകരണം നല്‍കിയത്.
നേരത്തെ 2018 ലെ സിറ്റിസണ്‍ സയന്‍സ് ആസ്ട്രോനെറ്റ് എന്ന പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടികയില്‍ കാനഡയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ ഷവ്ന പാണ്ഡ്യ(32)ഇടംപിടിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ സിറ്റസണ്‍-സയന്റിസ്റ്റ് ആസ്ട്രോണറ്റായി താന്‍ പ്രവര്‍ത്തിക്കുന്ന Project Possom ( The PHEnOM Project) ത്തില്‍ ബഹിരാകാശ യാത്രയെക്കുറിച്ചോ പുതിയ മിഷന് തെരഞ്ഞെടുക്കുന്നതിനെക്കുറിച്ചോ പുതിയ പ്രഖ്യാപനങ്ങളെന്നുമില്ലെന്ന് ഷവ്ന പറഞ്ഞു.
മാത്രവുമല്ല തന്റെ വിദ്യാഭ്യാസത്തെക്കുറിച്ചും മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകളാണ് നല്‍കിയിരിക്കുന്നതെന്ന് ഷവ്‌ന വ്യക്തമാക്കി. താന്‍ ന്യൂറോ സര്‍ജനല്ലെന്നും ഒപ്പറ സിംഗറല്ലെന്നും അവര്‍ പറഞ്ഞു. ജനറല്‍ പ്രാക്ടീസിലാണ് തനിക്ക് മെഡിക്കല്‍ ലൈസന്‍സ് ഉള്ളതെന്നും സ്റ്റേജില്‍ ‘ഒരു തവണ’ ഒപ്പറ പാടിയിട്ടുണ്ടെന്നും അവര്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.