Currency

ശ്രീകൃഷ്ണ ജയന്തി ആഘോഷം; കണ്ണൂരില്‍ കനത്ത സുരക്ഷ

സ്വന്തം ലേഖകൻWednesday, August 24, 2016 9:45 am

കണ്ണൂർ: ശ്രീകൃഷ്ണജയന്തിദിനം സിപിഎമ്മും ആര്‍എസ്‌എസും ആഘോഷിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിൽ പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തി. ബാലഗോകുലത്തിന്‍റെ ശ്രീകൃഷ്ണജയന്തി ശോഭായാത്രയും സിപിഎമ്മിന്‍റെ ‘നമ്മളൊന്ന്’ ഘോഷയാത്രയും ഒരേ സമയം നിരത്തിലിറങ്ങുന്നതോടെ സംഘര്‍ഷമുണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലുടനീളം പൊലീസിനെ വിന്യസിച്ചിരിക്കുന്നത്.

ചട്ടമ്പിസ്വാമിദിനം മുതല്‍ അയ്യങ്കാളി ദിനം വരെ നീളുന്ന അഞ്ചുദിവസത്തെ വര്‍ഗീയ വിരുദ്ധക്യാംപെയിനിന്റെ ഭാഗമായാണ് നമ്മളൊന്ന് എന്ന പേരില്‍ സിപിഎം ഇന്ന് ഘോഷയാത്രകള്‍ സംഘടിപ്പിക്കുന്നത്. ജില്ലയില്‍ 206 കേന്ദ്രങ്ങളില്‍ ഘോഷയാത്ര നടക്കും. അത്രയും തന്നെ സ്ഥലങ്ങളില്‍ ആര്‍എസ്‌എസും ശോഭായാത്രകള്‍ സംഘടിപ്പിക്കുന്നുണ്ട്.  ഇതേതുടർന്ന് സംഘർഷസാധ്യത മുന്നിൽക്കണ്ട് പത്തിടങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശവും അധികം പോലീസുകാരെയും വിന്യസിപ്പിച്ചിട്ടുണ്ട്.

പയ്യന്നൂര്‍, മട്ടന്നൂര്‍, തലശ്ശേരി ഉള്‍പ്പെടെയുള്ള കണ്ണൂരിലെ 10 കേന്ദ്രങ്ങളില്‍ അധിക സേനയെ വിന്യസിപ്പിച്ചാണ് പോലീസ് നിലകൊള്ളുന്നത്. അടുത്തിടെ പയ്യന്നൂരും നാദാപുരത്തുമുണ്ടായ രാഷ്ട്രീയഅക്രമങ്ങളുടെ പശ്ചാത്തലത്തില്‍ തലശ്ശേരി, പയ്യന്നൂര്‍, മട്ടന്നൂര്‍ എന്നിവിടങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശമാണ്. ഇതിനൊപ്പം നൂറു സായുധസേനാംഗങ്ങളേയും അധികമായി ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്.

ഘോഷയാത്രകളുടെ സമയവും സ്ഥലവും പൊലീസാണ് നിശ്ചയിച്ച്‌ നല്‍കിയത്.  അനുമതി നല്‍കാത്ത ഇടങ്ങളില്‍ വാഹനങ്ങള്‍ പിടിച്ചെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായിട്ടാണ് പോലീസ് തയ്യാറെടുക്കുന്നത്.  സംഘര്‍ഷമോ ക്രമസമാധാനപ്രശ്നങ്ങളോ ഉണ്ടായാല്‍ നേതാക്കള്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x