Currency

85 മൊബൈല്‍ ത്രിവേണി സ്റ്റോറുകള്‍ ലേലം ചെയ്യുന്നു

സ്വന്തം ലേഖകന്‍Thursday, December 22, 2016 5:02 pm

നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ഫെഡിനു കീഴിലുള്ള ത്രിവേണി സ്റ്റോറുകള്‍ ലേലം ചെയ്യുന്നു. ഇവയില്‍ മിക്കവയും നിര്‍ജീവമാണ്. സംസ്ഥാനത്തെ 141 മൊബൈല്‍ ത്രിവേണി സ്റ്റോറുകളില്‍ 85 എണ്ണമാണ് ലേലം ചെയ്യുന്നത്. കൂടാതെ എട്ട് ഗുഡ്‌സ് വാഹനങ്ങളും അഞ്ച് ഔദ്യോഗികവാഹനങ്ങളും ലേലം ചെയ്യും.

തിരുവനന്തപുരം: നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ഫെഡിനു കീഴിലുള്ള ത്രിവേണി സ്റ്റോറുകള്‍ ലേലം ചെയ്യുന്നു. ഇവയില്‍ മിക്കവയും നിര്‍ജീവമാണ്. സംസ്ഥാനത്തെ 141 മൊബൈല്‍ ത്രിവേണി സ്റ്റോറുകളില്‍ 85 എണ്ണമാണ് ലേലം ചെയ്യുന്നത്. കൂടാതെ എട്ട് ഗുഡ്‌സ് വാഹനങ്ങളും അഞ്ച് ഔദ്യോഗികവാഹനങ്ങളും ലേലം ചെയ്യും. ഡിസംബര്‍ 31നകം എല്ലാ വാഹനങ്ങളും ലേലംചെയ്ത് ഒഴിവാക്കാനാണ് ഫെഡറേഷന്റെ തീരുമാനം. പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ പരിശോധിച്ചിട്ടുണ്ട്.

വാഹനങ്ങളുടെ ആദ്യ ലേലം വ്യാഴാഴ്ച നടക്കും. കണ്ണൂരില്‍ 11 ത്രിവേണി സ്റ്റോറുകളും മറ്റൊരു വാഹനവുമാണ് ലേലം ചെയ്യുന്നത്. കോഴിക്കോട്ടെ 10 മൊബൈല്‍ ത്രിവേണി സ്റ്റോറുകളുടെയും ഗുഡ്‌സ് ഓട്ടോറിക്ഷയുടെയും ലേലം ശനിയാഴ്ച നടക്കും. തിരുവനന്തപുരം- മൂന്ന്, കൊല്ലം- ഒന്ന്, ആലപ്പുഴ- അഞ്ച്, പത്തനംതിട്ട- രണ്ട്, കോട്ടയം- അഞ്ച്, ഇടുക്കി- ഒന്ന്, എറണാകുളം- 13, തൃശൂര്‍- ഒമ്പത്, പാലക്കാട്- ഏഴ്, മലപ്പുറം- 14, വയനാട്- ഒന്ന്, കാസര്‍കോട്- മൂന്ന് എന്നിങ്ങനെയാണ് ഓരോ ജില്ലകളിലും ലേലം ചെയ്യുന്ന സ്റ്റോറുകളുടെ എണ്ണം. ഇതുകൂടാതെ, തിരുവനന്തപുരത്ത് മൂന്നും കൊല്ലത്ത് രണ്ടും ആലപ്പുഴയില്‍ ഒന്നും ഗുഡ്‌സ് വാഹനങ്ങള്‍ ലേലത്തിനുണ്ട്.

കണ്‍സ്യൂമര്‍ഫെഡിലെ അനാസ്ഥ മൊബൈല്‍ ത്രിവേണി പദ്ധതിയെയും ബാധിക്കുകയായിരുന്നു. കാലാവധി പുതുക്കാത്തതും കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തതുംമൂലം ഏറെ വണ്ടികളും നിരത്തിലിറങ്ങാതെയായി. വന്‍തുക ചെലവഴിച്ച് ഓരോ വാഹനവും പ്രാദേശികമായി വില്‍പനക്കിറങ്ങുന്നത് ലാഭകരമല്ലാത്തതിനാലാണ് പദ്ധതി നിര്‍ത്താന്‍ കാരണമായത്. എന്നാല്‍, തീരപ്രദേശങ്ങളിലും ഉള്‍നാടന്‍ ഗ്രാമപ്രദേശങ്ങളിലും ആദിവാസികള്‍ താമസിക്കുന്ന പ്രദേശങ്ങളിലും മൊബൈല്‍ ത്രിവേണി സ്റ്റോറുകള്‍ ലാഭത്തിലോടുന്നുണ്ടെന്നും ഇത്തരത്തിലുള്ള 56 ഇടങ്ങളില്‍ സേവനം തുടരുമെന്നും കണ്‍സ്യൂമര്‍ഫെഡ് അധികൃതര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x