Currency

സഹകരണ ബാങ്കുകളിലെ വായ്പകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍Wednesday, November 30, 2016 12:31 pm

സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന്റെ കാര്യത്തില്‍ ആരും ഭയപ്പെടേണ്ടതില്ലെന്നും നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാറിന്റെ ഉറപ്പുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു.

തിരുവനന്തപുരം: നോട്ട് പിന്‍വലിക്കല്‍ പ്രതിസന്ധിയെ തുടര്‍ന്ന് സഹകരണ മേഖലയിലെ വായ്പകള്‍ക്ക് മാര്‍ച്ച് 31 വരെ സംസ്ഥാന സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു. ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഇക്കാലയളവില്‍ ജപ്തി ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. എന്നാല്‍ നോട്ട് പ്രതിസന്ധി സംബന്ധിച്ച് മന്ത്രസഭാ യോഗം ചര്‍ച്ച ചെയ്തില്ല. സഹകരണ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഉന്നതതല യോഗവും ഇന്ന് ചേരുന്നുണ്ട്.

പിന്‍വലിച്ച 500, 1000 രൂപാ നോട്ടുകള്‍ മാറ്റി നല്‍കാനുള്ള അനുമതി സഹകരണ ബാങ്കുകള്‍ക്ക് നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്. ഇക്കാര്യത്തില്‍ ജില്ലാ സഹകരണ ബാങ്കുകളടക്കം നിയമ പോരാട്ടം തുടരുന്നുണ്ടെങ്കിലും ഇതുവരെ കേന്ദ്ര സര്‍ക്കാറോ റിസര്‍വ് ബാങ്കോ അനുകൂലമായ തീരുമാനമൊന്നും എടുത്തിട്ടില്ല. അതുകൊണ്ടുതന്നെ പഴയ നോട്ടുകള്‍ സഹകരണ ബാങ്കുകളില്‍ നിക്ഷേപിക്കാനോ വായ്പകള്‍ തിരിച്ചടയ്ക്കാനോ ഇടപാടുകാര്‍ക്ക് കഴിയുന്നില്ല. വായ്പകള്‍ അനുവദിക്കാനോ നോട്ട് പിന്‍വലിക്കുന്നതിന് മുമ്പ് പാസ്സാക്കിയ വായ്പകള്‍ പോലും വിതരണം ചെയ്യാനോ ഇപ്പോള്‍ കഴിയുന്നുമില്ല.

ഫലത്തില്‍ എല്ലാ അര്‍ത്ഥത്തിലും സഹകരണ ബാങ്കുകള്‍ നിശ്ചലമായ സ്ഥിതിയില്‍ ഉപഭോക്താക്കള്‍ ആശങ്കയിലാണ്. സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന്റെ കാര്യത്തില്‍ ആരും ഭയപ്പെടേണ്ടതില്ലെന്നും നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാറിന്റെ ഉറപ്പുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജപ്തി അടക്കമുള്ള നടപടികള്‍ നിര്‍ത്തിവെച്ചുകൊണ്ട് മന്ത്രിസഭാ യോഗം ഇന്ന് തീരുമാനമെടുത്ത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x