Currency

തിരുവനന്തപുരം- ദോഹ സര്‍വീസ്: ഇന്‍ഡിഗോ പണം മടക്കിനല്‍കിത്തുടങ്ങി

സ്വന്തം ലേഖകന്‍Thursday, May 2, 2019 12:40 pm

തിരുവനന്തപുരം: തിരുവനന്തപുരം- ദോഹ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിയ സാഹചര്യത്തില്‍ നേരത്തെ ടിക്കറ്റെടുത്തവര്‍ക്ക് ഇന്‍ഡിഗോ പണം മടക്കിനല്‍കിത്തുടങ്ങി. പണം മടക്കി നല്‍കാന്‍ എയര്‍ലൈന്‍സ് അധികൃതര്‍ തുടക്കത്തില്‍ തയാറാകാതിരുന്നത് യാത്രക്കാരില്‍ ആശങ്ക സൃഷ്ടിച്ചു. ടിക്കറ്റ് റദ്ദാക്കി പണം ആവശ്യപ്പെട്ട് കൂടുതല്‍ യാത്രക്കാര്‍ രംഗത്തെത്തിയതോടെയാണ് പണം മടക്കി നല്‍കിത്തുടങ്ങിയത്.

തിരുവനന്തപുരത്തിനു പുറമേ ദോഹ-അഹമ്മദബാദ് സര്‍വീസും നാളെ മുതല്‍ താല്‍ക്കാലികമായി നിര്‍ത്തുകയാണ്. എന്നാല്‍ ഈ റൂട്ടില്‍ ടിക്കറ്റെടുത്തവര്‍ക്കു നിലവില്‍ മറ്റു വിമാനത്താവളങ്ങളിലൂടെ ബദല്‍ യാത്രാക്രമീകരണം ഏര്‍പ്പെടുത്തുന്നതേയുള്ളൂ. ട്രാവല്‍ ഏജന്‍സികളിലൂടെ ടിക്കറ്റ് എടുത്തവരിലേറെയും അധികത്തുക അടച്ച് ഖത്തര്‍ എയര്‍വേയ്‌സിലേക്ക് ടിക്കറ്റ് മാറ്റി. ഇന്‍ഡിഗോയില്‍ നിന്നു നേരിട്ടു ടിക്കറ്റ് എടുത്തവര്‍ക്ക് മറ്റ് എയര്‍ലൈന്‍സുകളിലേക്ക് ടിക്കറ്റ് മാറ്റാനാവുമായിരുന്നില്ല. പണം മടക്കികിട്ടുക എന്നതുമാത്രമായിരുന്നു ഏകപോംവഴി. നേരിട്ടു ബുക്‌ചെയ്തവരുടെ മൊബൈലിലേക്ക് ടിക്കറ്റ് റദ്ദാക്കി പണം പൂര്‍ണമായി കൈപ്പറ്റാമെന്ന സന്ദേശം ലഭിച്ചുതുടങ്ങി.

പണം പിന്‍വലിക്കാനുള്ള ലിങ്കും മൊബൈല്‍ സന്ദേശത്തിനൊപ്പമുണ്ട്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ബദല്‍ യാത്രാസൗകര്യങ്ങളുടെ അറിയിപ്പാണ് ആദ്യം ലഭിക്കുക. അതിനു സമ്മതമല്ലെങ്കില്‍ പണം മടക്കിവാങ്ങാനുള്ള ഓപ്ഷനിലേക്കു പോകാം. ഓഗസ്റ്റിനുശേഷം തിരുവനന്തപുരം, അഹമ്മദാബാദ് സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x