
കരിപ്പൂര്‍: അടുത്ത വര്‍ഷം മുതല്‍ കേരളത്തില്‍നിന്ന് രണ്ട് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റുകളുണ്ടാകുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് സി. മുഹമ്മദ് ഫൈസി. മുംബൈയില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി ആസ്ഥാനത്ത് സി.ഇ.ഒ ഡോ. മഖ്സൂദ് അഹമ്മദ് ഖാന്, ഡെപ്യൂട്ടി സി.ഇ.ഒ സയ്യിദ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ചെയര്മാന് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളായിരിക്കും കേരളത്തില്‍നിന്നുള്ള എംബാര്‍ക്കേഷന്‍ പോയന്റ്.
തീര്‍ഥാടകര്‍ക്ക് സൗകര്യത്തിന് അനുസരിച്ച് ഇഷ്ടമുള്ള വിമാനത്താവളം തെരഞ്ഞെടുക്കാം. ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഫോറത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്താനാകും. നിലവില്‍ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെല്ലാം രണ്ട് എംബാര്‍ക്കേഷന്‍ പോയന്റുകളുണ്ട്. 2002 മുതല്‍ 2014 വരെ കരിപ്പൂരില്നിന്നായിരുന്നു ഹജ്ജ് സര്‍വിസ് നടന്നത്. പിന്നീട്, 2015ല്‍ റണ്‍വേ നവീകരണത്തിന് വേണ്ടിയാണ് കരിപ്പൂരില്‍നിന്ന് നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയത്.
2019ല്‍ ഹജ്ജിന് പോകുന്നവര്‍ മദീന വഴി മക്കയിലേക്ക് എത്തുന്ന രീതിയില്‍ ഒന്നാംഘട്ടത്തില്‍ യാത്ര ക്രമീകരിക്കും. ഇക്കാര്യം ദീര്‍ഘകാലമായി പ്രവാസികള്‍ ആവശ്യപ്പെടുന്നതാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.