പതിനഞ്ചുകാരിയായ ബ്രിട്ടീഷ് പെൺകുട്ടിയെ മയക്കുമരുന്ന് നൽകി മയക്കിയശേഷം മൃഗീയമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ പ്രതികളെ കോടതി വെറുതെ വിട്ടു.
പനാജി: പതിനഞ്ചുകാരിയായ ബ്രിട്ടീഷ് പെൺകുട്ടിയെ മയക്കുമരുന്ന് നൽകി മയക്കിയശേഷം മൃഗീയമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളെ കോടതി വെറുതെ വിട്ടു. 2008 ഫെബ്രുവരി 19 നു സ്കാര്‍ലെറ്റ് കീലിംഗിനെയാണ് ഗോവയിലെ അഞ്ജുന ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികൾക്കെതിരെയുള്ള കുറ്റകൃത്യം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കണ്ടാണ് പ്രതികളെ വെറുതെ വിടുന്നതെന്ന് ജഡ്ജി വന്ദന ടെണ്ടുല്‍ക്കര്‍ വിധി പ്രസ്ഥാവനയിൽ പറഞ്ഞു.
സംഭവം അപകടമാണെന്നായിരുന്നു ആദ്യം കേസ് അന്വേഷിച്ച ഗോവ പൊലീസിന്റെ റിപ്പോർട്ട്. പിന്നീട് സ്കാര്‍ലെറ്റിന്‍റെ അമ്മ ഫിയോണ മക്കിവോണ്‍ നടത്തിയ നിരന്തര നിയമപോരാട്ടത്തെ തുടര്‍ന്ന് രണ്ടാമതും പോസ്റ്റ് മോര്‍ട്ടം നടത്തുകയും കേസ് സിബിഐക്ക് വിടുകയുമായിരുന്നു. രണ്ടാമത്തെ പോസ്റ്റ്മോര്‍ട്ടത്തിൽ ബലാത്സംഗം നടന്നെന്നു വ്യക്തമാകുകയും ശരീരത്തില്‍ 50 മുറിവുകളുണ്ടെന്നും കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഗോവ സ്വദേശികളായ സാംസണ്‍ ഡിസൂസ, പ്ലാസിഡോ കാര്‍വാലോ എന്നിവരെ അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയെ പ്രതികള്‍ അപമാനിക്കുന്നത് കണ്ടെന്ന് മൊഴി നല്‍കിയ ബ്രിട്ടീഷുകാരനായ മൈക്കല്‍ മാന്യണ്‍ കോടതിയില്‍ മൊഴി നല്‍കാനെത്താതിരുന്നതും കേസിനു തിരിച്ചടിയായി. സിബിഐയുടെ കേസന്വേഷണത്തില്‍ പ്രതീക്ഷയുണ്ടായിരുന്നുവെന്നും വിചാരണയില്‍ വന്ന കാലതാമസമാണ് സാക്ഷി പറയാന്‍ പോലും ആളെത്താത്ത സാഹചര്യമുണ്ടാക്കിയതെന്നും എട്ട് വര്‍ഷമായി നിയമപോരാട്ടം തുടരുന്ന സ്കാര്‍ലെറ്റിന്‍റെ അമ്മ ഫിയോണ മക്കിവോണ്‍ പ്രതികരിച്ചു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്നും അവർ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.