Currency

യു.എ.ഇ- കേരള യാത്രക്ക് ചെലവേറും; ടിക്കറ്റ് നിരക്കില്‍ ഇരട്ടിയിലധികം വര്‍ധന

സ്വന്തം ലേഖകന്‍Sunday, March 21, 2021 5:44 pm

തിരുവനന്തപുരം: യു.എ.ഇയില്‍ നിന്ന് കേരള സെക്ടറില്‍ വിമാന ടിക്കറ്റ് നിരക്കില്‍ വര്‍ധന. മൂന്നാഴ്ച കാലത്തേക്ക് യു.എ.ഇയില്‍ സ്‌കൂളുകള്‍ അടച്ചതിനാല്‍ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി കുടുംബങ്ങള്‍ക്കാണ് നിരക്കു വര്‍ധന തിരിച്ചടിയാകുന്നത്.

കഴിഞ്ഞ ആഴ്ച വരെ 350 ദിര്‍ഹത്തിന് വരെ ടിക്കറ്റ് ലഭ്യമായിരുന്നു. അതാണിപ്പോള്‍ ഇരട്ടിക്കു മുകളിലേക്ക് വന്നിരിക്കുന്നത്. വാരാന്ത്യ ദിവസങ്ങള്‍ നോക്കി വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് അധിക ബാധ്യത വരുന്നത്. യു.എ.ഇയില്‍ വാര്‍ഷിക പരീക്ഷ അവസാനിച്ച് 3 ആഴ്ച കാലത്തേക്കു സ്‌കൂള്‍ അടച്ചതാണ് തിരക്കും നിരക്കും കൂടാന്‍ കാരണം. തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി നാട്ടിലെത്താന്‍ പ്രവാസികളില്‍ ഒരു വിഭാഗം താല്‍പര്യമെടുത്തതും വിമാന കമ്പനികള്‍ക്ക് മെച്ചമായി.

കേരളത്തില്‍ നിന്ന് യു.എ.ഇയിലേക്കും നിരക്ക് കൂടുന്ന പ്രവണതയാണുള്ളത്. നാട്ടില്‍ സ്‌കൂള്‍ അടച്ചാലുടന്‍ പ്രവാസി കുടുംബങ്ങളില്‍ പലരും ഗള്‍ഫിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ്. സംസ്ഥാനത്ത് വാര്‍ഷിക പരീക്ഷ ഉപേക്ഷിച്ചതും ഓണ്‍ലൈന്‍ പഠനം തുടരുന്നതും കാരണം പല കുടുംബങ്ങളും പ്രവാസലോകത്തേക്ക് വന്നെത്തിയിട്ടുണ്ട്.

യാത്രക്കാരുടെ വര്‍ധന മുന്‍നിര്‍ത്തി വിമാന സര്‍വീസുകളുടെ എണ്ണം വര്‍ധിക്കാത്ത സാഹചര്യമാണുള്ളത്. അതുകൊണ്ടു തന്നെ ടിക്കറ്റ് നിരക്കില്‍ ഇനിയും വര്‍ധനക്കു തന്നെയാണ് സാധ്യത.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x