Currency

വന്ദേഭാരത് ദൗത്യത്തിന് അനുമതി നിഷേധിച്ച് അമേരിക്ക; ഇന്ത്യയില്‍ നിന്നുള്ള ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് നിയന്ത്രണം

സ്വന്തം ലേഖകന്‍Tuesday, June 23, 2020 3:02 pm

ന്യൂഡല്‍ഹി: വന്ദേഭാരത് ദൗത്യത്തിന് അമേരിക്ക അനുമതി നിഷേധിച്ചു. ഇന്ത്യയില്‍ നിന്നുള്ള ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. വന്ദേഭാരത് മിഷന്റെ മറവില്‍ ഇന്ത്യ സാധാരണ സര്‍വീസ് നടത്തുവെന്നാണ് അമേരിക്ക പറയുന്നത്. വന്ദേ ഭാരത് മിഷന്റെ മൂന്നാം ഘട്ടം ദൗത്യം പുരോഗമിക്കുന്നതിനിടെയാണ് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ അനുവദിക്കേണ്ട എന്ന നിലപാട് അമേരിക്ക സ്വീകരിച്ചത്.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യോമയാനത്തെ നിയന്ത്രിക്കുന്ന ഉടമ്പടി ലംഘിക്കുന്നതാണ് നിലവില്‍ ഇന്ത്യ സ്വീകരിച്ച നടപടിയെന്ന് അമേരിക്ക ആരോപിക്കുന്നു. കൊവിഡ് കാലത്ത് ടിക്കറ്റിന് പണം ഈടാക്കി ഇന്ത്യ സര്‍വീസ് നടത്തുന്നതാണ് അമേരിക്കയെ പ്രകോപ്പിച്ചത്. അമേരിക്കന്‍ വിമാനങ്ങള്‍ക്ക് സമാന രീതിയില്‍ സര്‍വീസ് നടത്താന്‍ ഇന്ത്യ അനുമതിയും നല്‍കിയില്ല.

ഇത് വിവേചനപരമായ നടപടിയാണെന്ന് അമേരിക്ക പ്രതികരിച്ചു. ഇന്ത്യ നിലപാട് തിരുത്തുന്നത് വരെ അമേരിക്കയുടെ ഉത്തരവ് നിലനില്‍ക്കും. അമേരിക്കന്‍ വിമാനങ്ങള്‍ക്കുള്ള നിയന്ത്രങ്ങള്‍ ഇന്ത്യ നീക്കിയാല്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്നാണ് യുഎസ് ഗതാഗത വകുപ്പിന്റെ നിലപാട്.

അതേസമയം, അമേരിക്കയുടെ നടപടി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. വിമര്‍ശനം പരിശോധിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x