Currency

രാഷ്​ട്രപതിയുടെ പ്രസ്​ സെക്രട്ടറി വേണു രാജാമണി ഇനി നെതർലൻഡ്​സിലെ ഇന്ത്യൻ അംബാസഡർ

സ്വന്തം ലേഖകൻTuesday, May 9, 2017 9:31 am

മലയാളിയും രാഷ്ട്രപതി പ്രണബ് മുഖർജിയുടെ പ്രസ് സെക്രട്ടറിയുമായ വേണു രാജാമണിയ്ക്കു പുതിയ ദൗത്യം. വേണു രാജാമണിയെ നെതർലൻഡ്സിലെ ഇന്ത്യൻ അംബാസഡറായാണ് നിയമിച്ചിരിക്കുന്നത്. ജൂൺ ആദ്യവാരം ചുമതലയേൽക്കും. രാഷ്‌ട്രപതി ഭവനിലെ അഞ്ചു വർഷ സേവനം പൂർത്തിയാക്കിയ ശേഷമാണു പുതിയ ദൗത്യവുമായി വേണു നെതർലൻഡ്സിലെത്തുന്നത്.

എറണാകുളം സ്വദേശിയായ വേണു രാജാമണി ദുബായിയിലെ ഇന്ത്യൻ കോൺസൽ ജനറൽ, വാഷിംഗ്ടൺ ഡി സിയിലെ എംബസി വക്താവ്, കേന്ദ്ര ധനമന്ത്രാലയ ജോയിന്റ് സെക്രെട്ടറി എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിരുന്നു. ജനീവയിൽ ഇന്ത്യയുടെ യു എൻ മിഷനിലും, ഹോങ്കോങ്, ബെയ്‌ജിങ്‌ എന്നിവടങ്ങളിലെ നയതന്ത്ര ഓഫീസുകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2007 മുതൽ 3 വർഷക്കാലം ദുബായിയിലെ ഇന്ത്യൻ കോൺസൽ ജനറലായിരുന്ന വേണു രാജാമണി പ്രവാസി ഇന്ത്യക്കാരുടെ പ്രത്യേകിച്ച് ഗൾഫ് മലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വളരെ സജ്ജീവമായി ഇടപെട്ടിരുന്നു.

ഇന്ത്യയിൽ വിദേശ നിക്ഷേപത്തിൽ മൂന്നാം സ്ഥാനത്തുള്ള രാജ്യമാണ് നെതർലൻഡ്സ്. ബ്രിട്ടൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇന്ത്യൻ വംശജരുള്ള രാജ്യംകൂടിയാണ്. രണ്ടര ലക്ഷത്തോളം ഇന്ത്യൻ വംശജർ നെതർലൻഡ്സിൽ ഉണ്ട്.

പഠനകാലത്തു എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥി യൂണിയൻ ചെയർമാൻ, ഡൽഹിയിലെ ജവാഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന വേണു രാജാമണി ഒരു നല്ല വാഗ്മികൂടിയാണ്. കേരള ഹൈക്കോടതിയിലെ പ്രശസ്ത അഭിഭാഷകനായിരുന്ന പരേതനായ കെ. എസ് രാജാമണിയുടെ മകനാണ്. ഡോ. സരോജ് ഥാപ്പയാണ് ഭാര്യ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x