Currency

നിങ്ങളുടെ കൈവശമുള്ളത് കള്ളനോട്ട് അല്ലെന്ന് എങ്ങനെ ഉറപ്പ് വരുത്താം?

സ്വന്തം ലേഖകൻSunday, November 6, 2016 4:36 pm

കള്ളനോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തില്‍ 500ന്റെയും 1000ന്റെയും നോട്ടുകള്‍ സൂക്ഷ്മമായി പരിശോധിക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഇത് ഓരോ പൗരന്റെയും ഉത്തരവാദിത്വം കൂടിയാണെന്ന് റിസർവ് ബാങ്ക് ഓർമിപ്പിക്കുന്നു.

സാങ്കേതികവിദ്യയുടെ വളർച്ചയോടൊപ്പം തന്നെ തട്ടിപ്പുകളും തിരിച്ചറിയാനാവാത്ത വിധം മാറിയിട്ടുണ്ട്. കറൻസി നോട്ടുകളുടെ കാര്യത്തിലും ഒറിജിനലിനോളം പോന്ന വ്യാജന്മാരും രാജ്യത്ത് വ്യാപകമാകുന്നുണ്ട്. കള്ളനോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തില്‍ 500ന്റെയും 1000ന്റെയും നോട്ടുകള്‍ സൂക്ഷ്മമായി പരിശോധിക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും അറിയിച്ചിട്ടുണ്ട്. ഇത് ഓരോ പൗരന്റെയും ഉത്തരവാദിത്വം കൂടിയാണെന്ന് റിസർവ് ബാങ്ക് ഓർമിപ്പിക്കുന്നു. നമ്മുടെ കയ്യിലെത്തുന്ന നോട്ടുകൾ ഒറിജിനൽ ആണെന്ന് എങ്ങനെയൊക്കെ ഉറപ്പ് വരുത്താമെന്ന് നോക്കാം.

വാട്ടർമാർക്ക്

കള്ളനോട്ട് കണ്ടുപിടിക്കാന്‍ ഏറ്റവും എളുപ്പത്തിലുള്ള മാർഗമാണിത്. മഹാത്മാഗാന്ധി സീരീസിലുള്ള നോട്ടുകളില്‍ ലൈറ്റ് ആന്‍ഡ് ഷേഡ് രീതിയില്‍ മഹാത്മാഗാന്ധി വാട്ടര്‍മാര്‍ക്ക് ഉണ്ടാവും. വെളിച്ചത്തിന് നേരെ പിടിച്ചാല്‍ ഒറിജിനൽ നോട്ടിൽ ഇത് കാണാം. അതേസമയം വാട്ടർമാർക്ക് ഉള്ള വ്യാജനോട്ടുകളും കാണാം. പക്ഷെ അതിൽ ഗാന്ധിജിയുടെ മുഖം വ്യക്തമായിരിക്കില്ല.

സെക്യൂരിറ്റി ത്രെഡ്

നോട്ടിനുള്ളിലും പുറത്തുമായി ഇടവിട്ട് കാണുന്ന സെക്യൂരിറ്റി ത്രെഡില്‍ ഭാരത് എന്ന് ഹിന്ദിയിലും നോട്ടിന്റെ മൂല്യം അക്കത്തിലും ആര്‍ബിഐ എന്ന് ഇംഗ്ലീഷിലും രേഖപ്പെടുത്തിയിരിക്കും.

രെജിസ്റ്ററിൽ നോക്കാം

നോട്ടിന്റെ ബോർഡർ ഡിസൈനിംഗിന്റെ ഇരു വശങ്ങളിലും നോട്ടിന്റെ മൂല്യം രേഖപ്പെടുത്തിയിട്ടുണ്ടാകും. വെളിച്ചത്തിന് നേരെ പിടിച്ചാലാണ് ഇത് കാണാനാകുക.

ഒപ്റ്റിക്കലി വേരിയബിള്‍ ഇങ്ക്

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കാര്യത്തിൽ നോട്ടിന്റെ നടുക്കായി മൂല്യം രേഖപ്പെടുത്തിയത് നേരേ നോക്കിയാല്‍ പച്ചയും നോട്ട് ചെരിച്ചു നോക്കിയാല്‍ നീലയും നിറം ആകുന്നതായിരിക്കും.

ഫ്ളൂറസന്റ് മഷി

ഫ്ളൂറസന്റ് മഷി ഉപയോഗിച്ചാണ് നമ്പര്‍ പാനല്‍ പ്രിന്റ് ചെയ്തിരിക്കുക. ഒപ്റ്റിക്കല്‍ ഫൈബറുമുണ്ടായിരിക്കും. ഈ രണ്ടു പ്രത്യേകതകളും നോട്ട് അള്‍ട്രാ വയലറ്റ് ലാമ്പിനു മുന്നില്‍ പിടിച്ചാല്‍ പ്രകടമാകും.

ഇന്റാഗ്ലിയോ പ്രിന്റിംഗ്

മഹാത്മാഗാന്ധിയുടെ ചിത്രം, റിസര്‍വ് ബാങ്ക് സീല്‍, നിബന്ധന, ഇടതുവശത്തെ അശോകസ്തംഭം, ആര്‍ബിഐ ഗവര്‍ണറുടെ ഒപ്പ് എന്നിവ ഇന്റാഗ്ലിയോ പ്രിന്റിംഗ് അഥവാ തൊട്ടറിയാൻ സാധിക്കുന്ന പ്രിന്റിംഗ് ആയിരിക്കും.

ലേറ്റന്റ് ഇമേജ്

ഇത് കണ്ടെത്തുക അൽപ്പം പ്രയാസമാണ്. നോട്ടിലെ ഗാന്ധിചിത്രത്തിനു വലതുവശത്ത് ലംബമായി കാണുന്ന ഭാഗത്ത് പ്രത്യേക രീതിയില്‍ നോട്ടിന്റെ മൂല്യം പ്രിന്റ് ചെയ്തിട്ടുണ്ടാകും.

മൈക്രോ ലെറ്റേഴ്സ്

മഹാത്മാഗാന്ധി ചിത്രത്തിന്റെ വലതുഭാഗത്ത് ആര്‍ബിഐ (ഇംഗ്ലീഷില്‍) എന്നും നോട്ടിന്റെ മൂല്യ (സംഖ്യയില്‍)-വും ചെറുതായി രേഖപ്പെടുത്തിയിട്ടുണ്ടാകും.

തിരിച്ചറിയല്‍ രേഖ

വാട്ടര്‍മാര്‍ക്ക് വിന്‍ഡോയുടെ ഇടതുവശത്ത് നോട്ട് തിരിച്ചറിയുന്നതിനായി പത്തു രൂപാ നോട്ടൊഴികെ വലിയ സംഖ്യകള്‍ക്കെല്ലാം പ്രത്യേക അടയാളമുണ്ടായിരിക്കും. 20 രൂപ നോട്ടിൽ ലംബത്തിലുള്ള ദീര്‍ഘചതുരം, 50 രൂപയിൽ സമചതുരം, 100 രൂപയിൽ ത്രികോണം, 500 രൂപയിൽ വൃത്തം, 1000 രൂപയിൽ ഡയമണ്ട് – എന്നിങ്ങനെ ആയിരിക്കുമിത്.

പ്രിന്റ് ചെയ്ത വര്‍ഷം

ഒറിജിനൽ നോട്ടിൽ നോട്ടിന്റെ പിന്‍വശത്ത് പ്രസ്തുത കറന്‍സി നോട്ട് പ്രിന്റ് ചെയ്ത വര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ടാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x