കോല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ പേര് മാറ്റുന്ന പ്രമേയം നിയമസഭ പാസാക്കി. പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചാണ് പ്രമേയം പാസാക്കിയത്. ഇതു പ്രകാരം ബംഗാളിയില്‍ ബംഗ്ള, ഇംഗ്ളീഷില്‍ ബംഗാള്‍, ഹിന്ദിയില്‍ ബംഗള്‍ എന്നീ പേരുകളിലാണ് സംസ്ഥാനം ഇനി അറിയപ്പെടുക. കേന്ദ്ര സര്‍ക്കാര്‍ ഇതു പാര്‍ലമെന്റില്‍ പാസാക്കിയാല്‍ പേരുകള്‍ക്കു നിയമപ്രാബല്യം ലഭിക്കും.
മുഖ്യമന്ത്രി മമത ബാനർജിയാണ് പേരുമാറ്റം സംബന്ധിച്ച് നിർദേശം മുന്നോട്ടുവച്ചത്. കോൺഗ്രസ്, ഇടതുപക്ഷ, ബിജെപി എംഎൽഎമാർ പ്രമേയാവതരണത്തിനിടയിൽ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. നിലവില്‍ സംസ്ഥാനങ്ങളുടെ അക്ഷരമാലാ ക്രമത്തില്‍ ഏറ്റവും പിന്നിലാണ് (28മത്) പശ്ചിമ ബംഗാള്‍. പേര് മാറ്റം നിലവില്‍ വന്നാല്‍ ഇത് നാലാം സ്ഥാനത്തേക്ക് ഉയരും.
സംസ്ഥാന പാര്‍ലമെന്ററി അഫയേഴ്സ് മന്ത്രി പാര്‍ഥ ചാറ്റര്‍ജിയാണ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. ഭരണഘടനയിലെ 169-ാം വകുപ്പിലാണു പേരുമാറ്റത്തിനു സംസ്ഥാനത്തിനുള്ള അധികാരം സൂചിപ്പിച്ചിട്ടുള്ളത്. ബംഗാള്‍ എന്ന പേരിനു ചരിത്രപരവും സാംസ്കാരികവുമായ അര്‍ഥമുണ്െടന്നു പറഞ്ഞ മുഖ്യമന്ത്രി മമത ബാനര്‍ജി, സംസ്ഥാനത്തിന്റെ പേര് ബംഗോ എന്നു മാറ്റിയാലും തനിക്കു വിരോധമില്ലെന്നു പറഞ്ഞു.
നേരത്തെ, 2011ല്‍ സംസ്ഥാനത്തിന്റെ പേരുമാറ്റാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇതു തടയുകയായിരുന്നു. പേരുകള്‍ക്കു നിയമപ്രാബല്യം ലഭിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും. രാഷ്ട്രീയത്തിന്റെ പേരില്‍ പുതിയ പേരിനെ വിമര്‍ശിക്കുന്നവര്‍ സംസ്ഥാനത്തിനു നാണക്കേടാണെന്നു മമത പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.