Currency

മില്യണ്‍ കണക്കിന് വിലമതിപ്പുള്ള മൃഗഭാഗങ്ങള്‍ പിടിച്ചെടുത്തു

Saturday, September 3, 2016 8:06 pm

RM 2 മില്ല്യണ്‍ വില മതിപ്പുള്ള ആനക്കൊമ്പുകള്‍, വേഴാമ്പലിന്‍റെ കൊക്ക്, കരടി നഖങ്ങള്‍, മൃഗങ്ങളുടെ പിത്തരസം, കടുവയുടെ തോലും അസ്ഥികളും, ഈനാമ്പേച്ചിയുടെ തോല്‍ എന്നിവയാണ് അവിടെ ലഭിച്ചിരിക്കുന്നത്.

ക്വാലാലംപൂര്‍: പെര്‍ഹില്‍ടന്‍ ആസ്ഥാനത്ത് മൂന്ന്‍ മേശകളിലായി നിരത്തി വച്ചിരിക്കുന്ന മൃഗഭാഗങ്ങള്‍ കണ്ടാലറിയാം എത്രയോ മൃഗങ്ങളാണ് ഇതിനായി കൊന്നൊടുക്കപ്പെടുന്നതെന്ന്. നൂറു കണക്കിന് മൃഗങ്ങളാണ് ഭക്ഷണത്തിനും ആഭരണ വ്യവസായത്തിനും വേണ്ടി വേട്ടയാടപ്പെടുന്നത്. RM 2 മില്ല്യണ്‍ വില മതിപ്പുള്ള ആനക്കൊമ്പുകള്‍, വേഴാമ്പലിന്‍റെ കൊക്ക്, കരടി നഖങ്ങള്‍, മൃഗങ്ങളുടെ പിത്തരസം, കടുവയുടെ തോലും അസ്ഥികളും, ഈനാമ്പേച്ചിയുടെ തോല്‍ എന്നിവയാണ് അവിടെ ലഭിച്ചിരിക്കുന്നത്. വന്യജീവി നാഷണല്‍ പാര്‍ക്ക് വകുപ്പ് ഈ വര്‍ഷം ക്ലാംഗ് താഴ്വരയില്‍ നടത്തിയ റെയ്ഡിലാണ് ഇതെല്ലാം പിടിച്ചെടുത്തത്.

റെയ്ഡില്‍ അധികൃതര്‍ രണ്ട് ഗാങ്ങുകളെ അറസ്റ്റ്‌ ചെയ്തു. രണ്ട് മലേഷ്യക്കാരും രണ്ട് ചൈനീസുകളും ചേര്‍ന്ന ഗ്രൂപ്പും എട്ട് വിയറ്റ്നാമീസുകള്‍ ചേര്‍ന്ന് നടത്തുന്ന മറ്റൊരു വിഭാഗത്തെയുമാണ് പിടിച്ചത്. മലേഷ്യക്കാരും ചൈനീസും ചേര്‍ന്ന ഗാങ്ങില്‍ മധ്യവയസ്കരും സാമാന്യ ജീവിതത്തിന്‍റെ മറവില്‍ കരിച്ചന്ത നടത്തുന്നവരുമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ വിയറ്റ്നാമീസുകള്‍ പതിനായിരക്കണക്കിന് റിംഗിറ്റ് വില മതിക്കുന്ന ആനക്കൊമ്പില്‍ തീര്‍ത്ത ആഭരണങ്ങള്‍ കയറ്റി അയച്ചിരുന്നവരായിരുന്നു.പെര്‍ഹില്‍ട്ടന്‍, ഇന്റര്‍പോള്‍, നെതര്‍ലന്‍ഡ്‌സ്‌ അടിസ്ഥാനമായി വംശനാശഭീഷണി നേരിടുന്ന ജന്തുജാലങ്ങളുടെ നിയമം ലംഘിച്ചുകൊണ്ടുള്ള കടത്ത് ആഗോളതലത്തില്‍ അന്വേഷിക്കുന്ന വന്യജീവി നീതി കമ്മീഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ എട്ട് മാസത്തോളം വരുന്ന നിരീക്ഷണമാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്.

ക്വാലാലംപൂര്‍, രവാങ്ങ്, സുംഗൈ ബുലോ, പുചോങ്ങ് എന്നിവിടങ്ങളിലെ വീടുകളിലും പെര്‍ഹില്‍ടന്‍ പരിശോധന നടത്തിയിരുന്നു. ഇതില്‍ വലിയ അളവില്‍ വന്യജീവി ഭാഗങ്ങളുടെ ശേഖരം തന്നെ കണ്ടെത്തി. പുതിയതായി ചാര്‍ജെടുത്ത ഡയറക്ടര്‍ ജനറല്‍ അബ്ദുല്‍ കാദിര്‍ ഹാഷിം പറയുന്നത്, പ്രാദേശികമായി വിറ്റഴിക്കാനോ വിയറ്റ്നാമിലേക്കോ ചൈനയിലേക്കോ കയറ്റി അയക്കാനായി പുറം നാടുകളില്‍ നിന്നുമാണ് ഇവയിലധികവും എത്തിച്ചതെന്നാണ്. 

“ആനക്കൊമ്പുകള്‍ നോക്കൂ, അവ കണ്ടാലറിയാം ഇത് മലേഷ്യയില്‍ നിന്നല്ല എന്ന്. ഇത് വളരെ വലുതാണ്. ഇത് ഇറക്കുമതി ചെയ്തതാണ്. വിമാനത്തിലോ കരയിലൂടെയോ ആകാം ഇവ കടത്തിയത്. അതെങ്ങനെയെന്ന് കണ്ടെത്തേണ്ടതുണ്ട്; എന്തെന്നാല്‍ ഇതില്‍ ഒരുപാടൊരുപാട് മൃഗങ്ങളുടെ ഭാഗങ്ങളുണ്ട്,” ഇന്നലെ അദ്ദേഹം പറഞ്ഞു.

സമൂഹമാധ്യമങ്ങളിലൂടെയാണ് മിക്കതും വിറ്റഴിക്കുന്നത്. രണ്ട് ഗാങ്ങുകളുടെയും ക്ലൈന്റുകളെ പെര്‍ഹില്‍ടന്‍ അന്വേഷിക്കുന്നുണ്ട്. അബ്ദുല്‍ കാദിര്‍ പറഞ്ഞതനുസരിച്ച് ഇതാദ്യമായാണ് പെര്‍ഹില്‍ടന്‍ വേഴാമ്പലിന്‍റെ കൊക്കുകള്‍ പിടിച്ചെടുക്കുന്നത്. വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ ഗ്രൂപ്പ് ട്രാഫികിന്‍റെ കണക്കുകള്‍ പ്രകാരം അടുത്തിടെയായി തെക്ക് കിഴക്കന്‍ ഏഷ്യയിലും ചൈനയിലും ഇവയുടെ പ്രചാരം വര്‍ധിക്കുന്നുണ്ട്.   


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x