
റിയാദ്: മറ്റുള്ളവരുടെ ജീവന് അപകടം വരുത്തുന്ന വിധത്തില്‍ യു.എ.ഇയില്‍ അശ്രദ്ധമായി വാഹനമോടിച്ചവര്‍ക്ക് വന്‍ പിഴ. ഇത്തരത്തില്‍ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാന്‍ പിഴ ഒടുക്കേണ്ടി വന്നത് ഒരു ലക്ഷം ദിര്‍ഹം. നടപ്പാതയിലൂടെ ബൈക്ക് ഓടിച്ചയാളില്‍ നിന്ന് അരലക്ഷം ദിര്‍ഹവും ഈടാക്കി. അമിത വേഗത്തില്‍ അപകടകരമായി വാഹനമോടിക്കുന്നവരോട് യാതൊരു ദാക്ഷിണ്യവും കാണിക്കാതെ വാഹനം പിടിച്ചെടുക്കണമെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം 2015ല്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരമാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഇതേ നിയമ പ്രകാരം 2016ല്‍ 1,226 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഇതില്‍ 31 പേര് റോഡില്‍ അനധികൃതമായി മത്സരയോട്ടം നടത്തിയവരാണ്.
അശ്രദ്ധമായി വാഹനമോടിച്ചതിന് 325 പേര്‍ക്കെതിരെയും പിഴ നല്‍കാതെ കടന്നുകളയാന്‍ ശ്രമിച്ച 24 പേര്‍ക്കെതിരെയും നടപടിയെടുത്തു. ഗതാഗത തടസമുണ്ടാക്കിയതിനാണ് 119 വാഹനങ്ങള്‍ പിടികൂടിയത്. 31 വാഹനങ്ങള്‍ അമിത വേഗതയുടെ പേരിലും 3 എണ്ണം പരിസ്ഥിതി മലിനീകരണം സൃഷ്ടിച്ചതിനും പിടികൂടി. ഒരു ഭാഗത്തു മാത്രം നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് ഓടിയ ഒമ്പതു വണ്ടികളും അധികൃതരില്‍ നിന്ന് അനുമതി തേടാതെ നിറം മാറ്റിയതിന് 10 എണ്ണവും കുടുങ്ങി.
281 വാഹനങ്ങള്‍ സംഭവ സ്ഥലത്തു നിന്നു തന്നെ പിടികൂടിയപ്പോള്‍ മറ്റുള്ളവരെ നിരീക്ഷിച്ച ശേഷം തെറ്റ് ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് പിന്നീട് പിടികൂടുകയായിരുന്നുവെന്ന് ദുബായ് ട്രാഫിക് പൊലീസ് ഉപമേധാവി കേണല്‍ ജമാല്‍ അല്‍ ബനാഇ പറഞ്ഞു. വേഗത കൂട്ടാനുള്ള ഉപകരണമോ മറ്റെന്തെങ്കിലും അനധികൃത ക്രമീകരണങ്ങളോ ഘടിപ്പിച്ച വാഹനങ്ങളും പിടിച്ചെടുക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.