Currency

വിമാനയാത്രയ്ക്ക് ആധാർ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നീക്കം

സ്വന്തം ലേഖകൻThursday, April 6, 2017 9:47 am

ന്യൂഡൽഹി: വിമാനയാത്രകൾക്ക് ആധാർ അധിഷ്ഠിത ബയോമെട്രിക് സംവിധാനം തയാറാക്കാൻ കേന്ദ്ര സർക്കാർ ഐടി കമ്പനിയായ വിപ്രോയ്ക്ക് നിർദേശം നല്കിയതായി റിപ്പോർട്ട്. മെയ് ആദ്യവാരത്തില്‍ വിപ്രോ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

വിമാനയാത്രയ്ക്ക് ടിക്കറ്റ് എടുക്കുന്ന സമയത്ത് ആധാര്‍ നമ്പറും നല്‍കണം. തുടർന്ന് യാത്ര ചെയ്യാൻ വിമാനത്താവളങ്ങളിൽ എത്തുമ്പോൾ യാത്രക്കാരന്റെ വിരലടയാളം പതിപ്പിക്കണം. ഇതുവഴി വിമാനയാത്രയ്ക്ക് യോഗ്യതയുണ്ടോയെന്ന് പരിശോധിക്കും. ആഭ്യന്തര യാത്രകൾക്കായിരിക്കും ഈ സംവിധാനം ഉപയോഗിക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു.

ആധാര്‍ മെട്രിക് സംവിധാനം യാത്രക്കാരനെ എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കും. ഇതോടെ ചെക്ക് ഇന്‍ കൗണ്ടറുകളിലെ തിരക്കു കുറയ്ക്കുവാനും യാത്രക്കാരുടെ ബുദ്ധിമുട്ട് കഴിയുന്നത്ര പരിഹരിക്കുവാനും സാധിക്കുമെന്ന് അധികൃതർ അവകാശപ്പെടുന്നു. അതിനിടെ വിമാന ടിക്കറ്റ് ബുക്കിംഗുകൾ ആധാർ നമ്പരുമായി ബന്ധിപ്പിക്കാനുള്ള നീക്കം വ്യോമയാന മന്ത്രാലയവും നടത്തുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x