
കൊച്ചി: ജിദ്ദയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം തകരാറിലായി. മണിക്കൂറുകള്‍ കാത്തിരുന്നെങ്കിലും വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ കഴയാഞ്ഞത് യാത്രക്കാരെ വലച്ചു. എയര്‍ ഇന്ത്യ പകരം സംവിധാനം ഏര്‍പ്പെടുത്താഞ്ഞതിനെത്തുടര്‍ന്ന് പ്രകോപിതരായ യാത്രക്കാര്‍ വിമാനത്തില്‍നിന്ന് ഇറങ്ങാതെ കുത്തിയിരിപ്പ് നടത്തി പ്രതിഷേധിച്ചു. ഒടുവില്‍ പൊലീസെത്തി അനുനയിപ്പിച്ചാണ് യാത്രക്കാരെ ഇറക്കിയത്. മറ്റൊരു വിമാനമെത്തിച്ച് യാത്രക്കാരെ പൂര്‍ണമായി ജിദ്ദയിലെത്തിക്കാമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ ഉറപ്പുനല്‍കുകയായിരുന്നു.
296 യാത്രക്കാരുമായി ബുധനാഴ്ച വൈകുന്നേരം 5.50ന് ജിദ്ദയിലേക്ക് പുറപ്പെടേണ്ട വിമാനമാണ് തകരാറിലായത്. യാത്രക്കാരെയെല്ലാം കയറ്റി പുറപ്പെടാനൊരുങ്ങുമ്പോഴാണ് തകരാര്‍ കണ്ടെത്തിയത്. യാത്രക്കാരെ വിമാനത്തില്‍ ഇരുത്തി നാലുമണിക്കൂറോളം ശ്രമിച്ചെങ്കിലും തകരാര്‍ പരിഹരിക്കപ്പെട്ടില്ല. തുടര്‍ന്ന് രാത്രി പത്തോടെ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ ഇവരെ വീണ്ടും വിമാനത്തില്‍ കയറ്റിയെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പുറപ്പെട്ടില്ല. ഇവര്‍ക്ക് വേണ്ടത്ര ഭക്ഷണവും നല്‍കിയില്ല. കുട്ടികളും സ്ത്രീകളും വിശപ്പുകൊണ്ട് തളര്‍ന്നതോടെയാണ് യാത്രക്കാര്‍ വിമാനത്തിനകത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.