Currency

സ്വാശ്രയ മെഡിക്കൽ പ്രവേശനം; ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഡിവിഷന്‍ ബെഞ്ച് പിന്മാറി

സ്വന്തം ലേഖകൻThursday, August 25, 2016 4:23 pm

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം ഏറ്റെടുത്ത സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സ്വകാര്യ മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പിന്മാറി. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍ അഭിഭാഷകനായിരുന്ന വേളയില്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് വേണ്ടി ഹാജരായിട്ടുണ്ടായിരുന്നു. ഇതെത്തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് അദ്ദേഹം പിന്‍വാങ്ങുകയായിരുന്നു.

എറണാകുളം : സ്വാശ്രയ മെഡിക്കല്‍ പ്രവേശനം ഏറ്റെടുത്ത സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സ്വകാര്യ മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പിന്മാറി. ഇതോടെ കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിവെച്ചു. ജസ്റ്റിസ് പി.ആര്‍ രാമചന്ദ്രമേനോന്‍, ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബഞ്ചായിരുന്നു കേസ് പരിഗണിക്കേണ്ടത്.

എന്നാല്‍ ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍ അഭിഭാഷകനായിരുന്ന വേളയില്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് വേണ്ടി ഹാജരായിട്ടുണ്ടായിരുന്നു. ഇതെത്തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് അദ്ദേഹം പിന്‍വാങ്ങുകയായിരുന്നു. തുടര്‍ന്നാണ് ഹര്‍ജി മാറ്റി വെച്ചത്. നാളെ പുതിയ ബെഞ്ച് ഹര്‍ജി പരിഗണിക്കും.

സര്‍ക്കാര്‍ ഉത്തരവിനെതിരെ നാല് ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജുകളാണ് ഹൈക്കോടതിയെ സമീപിച്ചത്. മാനേജുമെന്റുകള്‍ ഒറ്റയ്ക്കൊറ്റയ്ക്കാണ് ഹര്‍ജി നല്‍കിയത്. നീറ്റ് പ്രവേശനപ്പട്ടികയില്‍ നിന്ന് സ്വന്തം നിലയല്‍ പ്രവേശനം നടത്താന്‍ അനുവദിക്കണമെന്നാണ് എല്ലാവരുടെയും ആവശ്യം. മാത്രമല്ല മുഴുവന്‍ സീറ്റുകളും ഏറ്റെടുത്ത സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

അതിനിടെ സ്വാശ്രയ കോളേജുകളിലെ മെഡിക്കൽ സീറ്റുകൾ സർക്കാർ ഏറ്റെടുത്തതോടെ മാനേജ്മെന്റ് സീറ്റുകളിലേക്ക് മാനേജ്മെന്റുകൾ സ്വന്തം നിലയിൽ പ്രവേശന നടപടികൾ തുടങ്ങി. ഇതിന്റെ ഭാഗമായി പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു കൊണ്ട് മാനേജ്മെന്റ് പരസ്യങ്ങൾ പുറത്തിറക്കി. എം.ഇ.എസ്, ഗോകുലം, മലബാർ, ഒറ്റപ്പാലം എന്നീ കോളേജുകളാണ് പരസ്യം നൽകിയിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x