Currency

സൗദിയില്‍ കനത്ത മഴ; ജനജീവിതം സ്തംഭിച്ചു; ഗതാഗതമേഖലയില്‍ നിയന്ത്രണം

സ്വന്തം ലേഖകന്‍Wednesday, November 22, 2017 11:11 am

പടിഞ്ഞാറന്‍ മേഖലയില്‍ ജനജീവിതം സ്തംഭിച്ചു. പലഭാഗത്തും ഇടിയോട് കൂടിയ മഴയില്‍ വ്യാപക നാശനഷ്ടമുണ്ടായി. നാളെയും മറ്റെന്നാളും മഴ തുടരുമെന്നും ജാഗ്രതപാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ജിദ്ദ: കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായി സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ. പടിഞ്ഞാറന്‍ മേഖലയില്‍ ജനജീവിതം സ്തംഭിച്ചു. പലഭാഗത്തും ഇടിയോട് കൂടിയ മഴയില്‍ വ്യാപക നാശനഷ്ടമുണ്ടായി. നാളെയും മറ്റെന്നാളും മഴ തുടരുമെന്നും ജാഗ്രതപാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സൗദിയില്‍ ഇടിയോടു കൂടിയ മഴയുണ്ടാകുമെന്നും ജാഗ്രത വേണമെന്നും അധികൃതര്‍ തിങ്കളാഴ്ചമുതല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

വെള്ളക്കെട്ടിനെ തുടര്‍ന്ന് ജിദ്ദ- മക്ക എക്സ്പ്രസ് ഹൈവേയില്‍ ഗതാഗതം നിര്‍ത്തിവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ജിദ്ദ എയര്‍പോര്‍ട്ടിലേക്ക് എത്തിപ്പെടാനാവാത്തതിനാല്‍ പലരുടെയും വിമാനയാത്ര മുടങ്ങി. യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് ചാര്‍ജ് തിരിച്ചുകൊടുക്കുമെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചു. യാത്രികരും പൈലറ്റുമാരും വൈകിയതിനാല്‍ പല വിമാനങ്ങളും പുറപ്പെടാന്‍ വൈകി. ജിദ്ദ തുറമുഖത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടിവന്നു. വിമാനത്താവളത്തിലെ കാലാവസ്ഥ നിരീക്ഷണ ഉപകരണം ഇടിമിന്നലില്‍ തകരാറിലായെങ്കിലും പിന്നീട് ശരിയാക്കി. ജനങ്ങള്‍ വീടുവിട്ടിറങ്ങരുതെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.

ജിദ്ദയില്‍ ശക്തമായ മഴയാണ് ലഭിച്ചത്. യാമ്പുവിലും മദീനയിലും മക്ക പ്രവിശ്യയുടെ ചില ഭാഗങ്ങളിലും മഴ തിമര്‍ത്ത് പെയ്തു. ജിദ്ദയിലേക്കുള്ള പ്രധാന റോഡുകളടഞ്ഞതോടെ ഏറെ നേരം വിവിധ പ്രവിശ്യകളിലേക്കുള്ള ഗതാഗതം സ്തംഭിച്ചു. കുഴിയില്‍ വീണും വെള്ളത്തില്‍ തെന്നിയും കാറുകള്‍ മുങ്ങി. ഇതില്‍ കുടുങ്ങിയവരടക്കം അഞ്ഞൂറിലേറെ പേരെ രക്ഷിച്ചു.

മക്ക, മദീന താഇഫ്, ഹാഇല്‍, ഖസ്സീം പ്രവിശ്യകളില്‍ ജിദ്ദയില്‍ പെയ്തതിന് സമാനമായ മഴയുണ്ടാകും. ഇവിടെയുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ദൂരയാത്രകള്‍ ഒഴിവാക്കണമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വലിയ മുന്നൊരുക്കങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x