Currency

ഒമാനില്‍ മഴ തുടരും; ഇടിയോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത, ജാഗ്രതാ നിര്‍ദേശം

സ്വന്തം ലേഖകന്‍Wednesday, January 8, 2020 11:25 am

മസ്‌കത്ത്: ഒമാനില്‍ വ്യാഴാഴ്ച മുതല്‍ ഇടിയോടു കൂടിയ മഴക്കും കാറ്റിനും സാധ്യത. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ ശക്തമായ മഴ പെയ്തു. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂടിക്കെട്ടിയ കാലാവസ്ഥയും ഒറ്റപ്പെട്ട മഴയും അനുഭവപെട്ടു വരികയാണ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഏവിയേഷന്‍ വിഭാഗം അറിയിച്ചു.

മസ്‌കത്ത്, മുസന്ദം, വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന, ദാഹിറ, ദാഖിലിയ്യ ഗവര്‍ണറേറ്റുകളിലും ശര്‍ഖിയ്യ ഗവര്‍ണറേറ്റുകളിലെ പര്‍വത മേഖലകളിലും ആണ് ഒറ്റപ്പെട്ട മഴ അനുഭവപെട്ടു വരുന്നത്. എന്നാല്‍ വ്യാഴാഴ്ച മുതല്‍ ഇടിമിന്നലോടുകൂടി ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നാണ് ഒമാന്‍ കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പ്.

തുടര്‍ച്ചയായി ഞായറാഴ്ച വരെ മഴ തുടരുമെന്നും അറിയിപ്പില്‍ പറയുന്നു. അറബിക്കടലില്‍ രൂപപെടുന്ന ന്യൂനമര്‍ദ്ദം മൂലമാണ് കാലാവസ്ഥയില്‍ ഈ വ്യതിയാനം സംഭവിക്കുന്നത്. തീര പ്രദേശങ്ങളില്‍ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും, മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x