Currency

അഞ്ചാം തവണ ഹജ്ജിന് അപേക്ഷിച്ചവരില്‍ 65ന് മുകളിലുള്ളവര്‍ക്ക് ഇത്തവണ അനുമതി

സ്വന്തം ലേഖകന്‍Thursday, March 15, 2018 12:26 pm

ന്യൂഡല്‍ഹി: അഞ്ചാം തവണ ഹജ്ജിന് അപേക്ഷിച്ചവരില്‍ 65 വയസ്സിനു മുകളിലുള്ള 1965 പേരെ ഈവര്‍ഷം കൊണ്ടുപോകാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. കേന്ദ്ര സര്‍ക്കാര്‍ അവിചാരിതമായി നയം മാറ്റിയതുമൂലം ഹജ്ജ് യാത്രക്ക് കഴിയാതിരുന്ന 19,000 പേരില്‍നിന്ന് വയസ്സ് അടിസ്ഥാനമാക്കി പത്തിലൊന്നു പേരെ കൊണ്ടുപോകാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. എന്നാല്‍, 65 വയസ്സുകാരായ അപേക്ഷകരുടെ കവറില്‍ കൂടെ അപേക്ഷിച്ച 65 വയസ്സ് തികയാത്തവരെ കൊണ്ടുപോകില്ല. തങ്ങളോടൊപ്പം അപേക്ഷിച്ച 65 വയസ്സില്‍ താഴെയുള്ളവരെ ഒഴിവാക്കി ഒറ്റക്കു വേണം ഇവര്‍ പോകാന്‍.

ഇവര്‍ക്ക് വൈകി അനുവദിച്ച ക്വോട്ടയായതിനാല്‍ മിനയുടെ അതിര്‍ത്തിക്കു പുറത്തായിരിക്കും താമസസൗകര്യം. ഉപാധികളോടെ പോകാന്‍ തയാറാകാത്തവരുടെ സീറ്റ് വെയ്റ്റിങ് ലിസ്റ്റിലുള്ളവര്‍ക്കിടയില്‍ വിതരണം ചെയ്യുമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഉപാധിപ്രകാരം 65 വയസ്സ് കഴിഞ്ഞ ഭര്‍ത്താവിനൊപ്പം അപേക്ഷിച്ച 65 തികയാത്ത ഭാര്യമാരും 65 കഴിഞ്ഞ് പ്രായത്തിന്റെ അവശതയനുഭവിക്കുന്നവര്‍ക്കൊപ്പം സഹായത്തിനായി പോകുന്ന 65ല്‍ താഴെയുള്ളവരും പുറത്താകും.

അതേസമയം 65 വയസ്സിനു മുകളിലുള്ള അഞ്ചാം വര്‍ഷക്കാര്‍ക്ക് അവസരം നല്‍കിയത് ഈ വര്‍ഷത്തേക്കു മാത്രമാണെന്നും വരും വര്‍ഷങ്ങളില്‍ ഇതൊരു കീഴ്‌വഴക്കമായിരിക്കില്ലെന്നും സുപ്രീംകോടതി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x