Currency

ചിപ്പ് അധിഷ്ഠിതമായ ഇലക്ട്രോണിക് പാസ്‌പോര്‍ട്ടുകള്‍ വരുന്നു; പ്രഖ്യാപനവുമായി പ്രധാനമന്ത്രി

സ്വന്തം ലേഖകന്‍Thursday, January 24, 2019 12:59 pm

വാരണാസി: ചിപ്പുകള്‍ ഘടിപ്പിച്ച ഇ-പാസ്‌പോര്‍ട്ടുകള്‍ കേന്ദ്രീകൃത സംവിധാനത്തിലൂടെ നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാരണാസിയില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനം ചെയ്യവെയാണ് പാസ്‌പോര്‍ട്ടുകളില്‍ കാലോചിതമായ മാറ്റം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

ലോകമെമ്പാടുമുള്ള എംബസികളും കോണ്‍സുലേറ്റുകളും പാസ്‌പോര്‍ട്ട് സേവാ പദ്ധതിയുമായി ബന്ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ചിപ്പ് അധിഷ്ഠിതമായ ഇ-പാസ്‌പോര്‍ട്ടുകള്‍ നല്‍കി തുടങ്ങുന്നതോടെ പേഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒര്‍ജിന്‍ (പിഐഒ), ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) എന്നിവര്‍ക്ക് പാസ്‌പോര്‍ട്ട്, വിസ, സാമൂഹിക സുരക്ഷാ സേവനങ്ങള്‍ എളുപ്പമാകും. പേഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒര്‍ജിന്‍ കാര്‍ഡുകളെ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡുകളാക്കി മാറ്റുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ നേരത്തെ തുടങ്ങിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോകമെമ്പാടുമുള്ള ആറായിരത്തിലധികം പ്രവാസികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. മൗറിഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജഗന്നാഥ് മുഖ്യാതിഥിയായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x