
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ പ്രാദേശിക അനുബന്ധ സ്ഥാപനമായ അലിയന്‍സ് എയര്‍ പുതിയ ‘സ്വാതന്ത്രദിന സെയില്‍ കാര്‍ണിവല്‍’ പ്രഖ്യാപിച്ചു. ഈ ഓഫര്‍ പ്രകാരം വെറും 990 രൂപ മാത്രമാണ് ടിക്കറ്റ് നിരക്ക്. ഓഗസ്റ്റ് 9 ന് ഈ ഓഫര്‍ അവസാനിക്കും. ഓഗസ്റ്റ് 3 നും സെപ്റ്റംബര്‍ 30 നും ഇടയിലുള്ള യാത്രാ കാലയളവിലുള്ള ടിക്കറ്റുകളാണ് ഈ നിരക്കില്‍ ലഭിക്കുക. 53 സ്ഥലങ്ങളിലേക്ക് പ്രതിദിനം 110 ഫ്ലൈറ്റുകളാണ് അലയന്‍സ് എയര്‍ സര്‍വീസ് നടത്തുന്നത്.
സര്‍ക്കാരിന്റെ പ്രാദേശിക കണക്റ്റിവിറ്റി പദ്ധതിയായ ഉഡാന്‍ പദ്ധതി പ്രകാരം കുറഞ്ഞ നിരക്കിലും അലിയന്‍സ് എയറില്‍ ടിക്കറ്റുകള്‍ ലഭിക്കും. കുളു, കൊച്ചി, മൈസൂരൂ, ഡിയു, അരുണാചല്‍ പ്രദേശിലെ പാസിഗട്ട്, സിംല, കോഹ്ലാപൂര്‍, പന്ത്നഗര്‍, ബതിന്ദ, ലുധിയാന, ഗ്വാളിയോര്‍, ബിക്കാനീര്‍ എന്നിവിടങ്ങളിലേയ്ക്കും ഓഫര്‍ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കും.
എയര്‍ ഇന്ത്യയുടെ ലഖ്നൗ- ജിദ്ദ വിമാന സര്‍വ്വീസും ഉടന്‍ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. നിലവില്‍ യുപിയില്‍ നിന്ന് ഡല്‍ഹി വഴി ജിദ്ദയിലേക്ക് ദിവസേന ഫ്ലൈറ്റ് സര്‍വീസ് നടത്തുന്നുണ്ട്. നേരിട്ടുള്ള ഫ്ലൈറ്റ് ആരംഭിക്കുന്നതോടെ ലഖ്നൗവില്‍ നിന്നുള്ള യാത്രാ സമയം 3 മണിക്കൂര്‍ കുറയും. കൊല്‍ക്കത്തയില്‍ നിന്ന് ദുബായിലേക്ക് നിര്‍ത്താതെയുള്ള ഫ്ലൈറ്റ് സര്‍വീസും അടുത്തിടെ കമ്പനി ആരംഭിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.