Currency

നികുതി റിട്ടേൺ ഫയൽ ചെയ്യാൻ വിദേശ ഇന്ത്യക്കാർക്ക് ആധാർ നിർബന്ധമല്ല

സ്വന്തം ലേഖകൻTuesday, April 11, 2017 1:28 pm

പാൻ കാർഡിനുള്ള അപേക്ഷയ്ക്കൊപ്പവും വിദേശ ഇന്ത്യക്കാർക്ക് ആധാർ കാർഡാവശ്യമില്ല. ഭേദഗതി ചെയ്ത ധനകാര്യനിയമം ജൂലൈ-1 മുതൽ പ്രാബല്യത്തിൽ വരാനിരിക്കെയാണ് ആധായനികുതി വകുപ്പ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുന്നത്.

ന്യൂഡൽഹി: വിദേശ ഇന്ത്യക്കാർക്ക് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ ആധാർ നമ്പർ നിർബന്ധമല്ലെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.  ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിന് പുറമെ പാൻ കാർഡിനുള്ള അപേക്ഷയ്ക്കൊപ്പവും വിദേശ ഇന്ത്യക്കാർക്ക് ആധാർ കാർഡാവശ്യമില്ല.  എന്നാൽ ഇന്ത്യയിലെ സ്ഥിര താമസക്കാർക്ക് മേല്പറഞ്ഞ ആവശ്യങ്ങൾക്ക് ആധാർ നിബന്ധമാണ്. 

2017-ൽ ധനകാര്യനിയമത്തിൽ വരുത്തിയ ഈ ഭേദഗതി വരുന്ന ജൂലൈ-1 മുതൽ പ്രാബല്യത്തിൽ വരാനിരിക്കെയാണ് ആധായനികുതി വകുപ്പ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുന്നത്. പ്രവാസികളായ ഇന്ത്യക്കാർ ഇതു സംബന്ധിച്ച് സർക്കാരിനോട് കൂടുതൽ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അതിനു മറുപടിയാണ് വിദേശങ്ങളിലെ നോൺ-റെസിഡന്റ്സിന് ആദായനികുതി അടയ്ക്കാനായി ആധാർ കാർഡാവശ്യമില്ല എന്ന സർക്കാർ വിജ്ഞാപനം. 

വർഷത്തിൽ 182 ദിവസമെങ്കിലും ഇന്ത്യയിൽ കഴിയുന്നവരാണ് ഇന്ത്യയിലെ സ്ഥിര താമസക്കാരുടെ പട്ടികയിൽ വരുന്നത്. നിർദ്ദിഷ്ട ദിവസങ്ങൾ ഇന്ത്യയിൽ താമസിക്കാത്തവർ ആധാർ നിയമം അനുസരിച്ച് നോൺ-റെസിഡന്റ് പട്ടികയിലാണ് വരുന്നത്. വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ എംബസ്സികളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x