Currency

കരിപ്പൂര്‍: ഒരു മാസത്തിനകം സര്‍വിസ് ആരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ

സ്വന്തം ലേഖകന്‍Sunday, May 19, 2019 1:25 pm

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ) അനുമതി ലഭിച്ച പശ്ചാത്തലത്തില്‍ ഒരു മാസത്തിനകം സര്‍വിസ് പുനരാരംഭിക്കാന്‍ എയര്‍ ഇന്ത്യയുടെ ശ്രമം. ജംബോ വിമാനമായ ബി 747-400, ബി 777-300 ഇ.ആര്‍, ബി 777-200 എല്‍.ആര്‍, ബി 787-8 ഡ്രീം ലൈനര്‍ എന്നീ വിമാനങ്ങള്‍ക്കാണ് ഡി.ജി.സി.എയിലെ വിമാന സുരക്ഷ വിഭാഗത്തിന്റെ അനുമതി ലഭിച്ചത്.

സര്‍വിസ് പുനരാരംഭിക്കുന്നതിനായി എയര്‍ ഇന്ത്യ കോഴിക്കോട് സ്‌റ്റേഷന്‍ മാനേജര്‍ റസ അലി ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ തിങ്കളാഴ്ച വിമാനത്താവള ഡയറക്ടര്‍ കെ. ശ്രീനിവാസ റാവുവിനെ സന്ദര്‍ശിക്കും. വിമാനത്താവളത്തില്‍ സമയ സ്ലോട്ട് അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഇതിന് ശേഷമേ ഷെഡ്യൂള്‍ അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുകയുള്ളൂ. ഒരു മാസത്തിനുള്ളില്‍ സര്‍വിസ് ആരംഭിക്കാനാണ് ശ്രമമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

സൗദി എയര്‍ ലൈന്‍സിന് അനുമതി ലഭിച്ചിട്ടും സര്‍വിസ് ആരംഭിക്കാന്‍ വൈകിയത് ക്വോട്ട ലഭ്യമല്ലാത്തതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ കാരണമായിരുന്നു. എയര്‍ ഇന്ത്യയെ സംബന്ധിച്ച് ഇത്തരം പ്രശ്‌നങ്ങളൊന്നും നിലവിലില്ല. അനുവദിച്ച ക്വോട്ടയില്‍ 6,000ത്തോളം സീറ്റുകള്‍ ബാക്കിയുണ്ട്.

നാല് തരത്തിലുള്ള വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും കോഴിക്കോട്-ജിദ്ദ സെക്ടറില്‍ 423 സീറ്റുള്ള ബി 747-400 ഉപയോഗിച്ചായിരിക്കും സര്‍വിസ് തുടങ്ങുക. വിമാനങ്ങള്‍ ലഭിക്കുന്നതിന് അനുസരിച്ച് കൂടുതല്‍ സര്‍വിസുകള്‍ റിയാദ്, ദുബായ് അടക്കമുള്ള സെക്ടറുകളിലും ആരംഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x