ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാര്‍ഡ് കളഞ്ഞുപോയാല്‍, മോഷ്ടിക്കപ്പെട്ടാല്‍, തട്ടിപ്പിനിടയായാല്‍ ലഭ്യമാകുന്ന ഇൻഷുറൻസ് കവറേജായ കാര്‍ഡ് പ്രൊട്ടക്ഷന്‍ പ്ലാനിനെ കുറിച്ച് അറിയേണ്ടതെല്ലാം...
ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാര്‍ഡ് കളഞ്ഞുപോയാല്‍, മോഷ്ടിക്കപ്പെട്ടാല്‍, തട്ടിപ്പിനിടയായാല്‍ ലഭ്യമാകുന്ന ഇൻഷുറൻസ് കവറേജാണ് കാര്‍ഡ് പ്രൊട്ടക്ഷന്‍ പ്ലാൻ (സിപിപി). യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിപിപി ഗ്രൂപ്പിന്റെ ഭാഗമായ സിപിപി ഇന്ത്യയാണ് ഈ സേവനം രാജ്യത്ത് ലഭ്യമാക്കുന്നത്.
സിപിപി ഇന്ത്യയുമായി കൈകോര്‍ത്തുകൊണ്ട് മിക്ക ബാങ്കുകളും അവരുടെ ഉപഭോക്താക്കള്‍ക്ക് ഈ സേവനം നല്‍കിവരുന്നുണ്ട്. അതിനാല്‍ ബാങ്കുകളില്‍ നിന്നോ നേരിട്ട് സിപിപി ഇന്ത്യയില്‍ നിന്നോ 1287 രൂപ, 1680 രൂപ, 1961 രൂപ എന്നിങ്ങനെ വ്യത്യസ്ത വാര്‍ഷിക പ്രീമിയത്തില്‍ നിങ്ങള്‍ക്ക് ഈ സേവനം ഉറപ്പാക്കാം. പ്രീമിയം കൂടുന്നതനുസരിച്ച് ലഭിക്കുന്ന ആനുകൂല്യങ്ങളും കൂടും.
കാർഡ് നഷ്ടപ്പെട്ടാൽ
സാധാരണ പഴ്സിലാണ് എല്ലാവരും കാര്‍ഡുകള്‍ സൂക്ഷിക്കുക. അതുകൊണ്ടുതന്നെ നഷ്ടപ്പെടുമ്പോള്‍ രേഖകളെല്ലാം ഒന്നിച്ച് പോകാനാണ് സാധ്യത. പ്രൊട്ടക്ഷന്‍ പ്ലാന്‍ എടുത്തിട്ടുള്ളവര്‍ക്ക് കാര്‍ഡ് നഷ്ടപ്പെട്ടാല്‍ സിപിപി ഇന്ത്യയെ ഒറ്റ കോള്‍ വഴി വിവരം അറിയിക്കേണ്ട ഉത്തരവാദിത്തമേയുള്ളൂ. നഷ്ടപ്പെറ്റ എല്ലാ കാർഡുകളും ഇതുവഴി ബ്ലോക്ക് ചെയ്യാം. 24 മണിക്കൂര്‍ സേവനം ലഭ്യമാക്കുന്ന ടോള്‍ ഫ്രീ നമ്പര്‍ ഇതിനു ലഭ്യമാണ്
യാത്രയ്ക്കിടയിലാണ് നഷ്ടപ്പെടുന്നതെങ്കിൽ
യാത്രയ്ക്കിടയിൽ കാർഡും പണവും നഷ്ടപ്പെടുന്നത് മൂലം പ്രതിസന്ധിയിൽ ആകുന്നവർക്ക് ഹോട്ടൽ ബില്ലടയ്ക്കാനും യാത്രാടിക്കറ്റിനും പൈസ ലഭിക്കും. പക്ഷേ ഇതിന് പരിധിയുണ്ടാകുമെന്ന് മാത്രം. ഒരു മാസത്തിനകം തിരികെ കൊടുക്കാമെന്ന വ്യവസ്ഥയിൽ സിപിപി വഴി ചില സാഹചര്യങ്ങളില്‍ പണം അഡ്വാന്‍സായി ലഭ്യമാകുന്നതുമാണ്.
വിദേശത്തു വച്ച് കാര്‍ഡ്/പാസ്പോർട്ട് നഷ്ടപ്പെട്ടാൽ
അവിടത്തെ ഭാഷ കൈകാര്യം ചെയ്യാനറിയാവുന്ന ആളിന്റെ സേവനം ലഭ്യമാക്കും. യാത്രയ്ക്കിടെ പാസ്പോര്‍ട്ട് നഷ്ടമായാല്‍ യാത്രക്കാരന്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങില്ല. സിപിപി ബാങ്കുമായി ബന്ധപ്പെട്ട് പുതിയ പാസ്പോര്‍ട്ട് ലഭ്യമാക്കാനുള്ള സഹായങ്ങള്‍ നല്‍കും. ഇക്കാര്യത്തിൽ ഓരോ ബാങ്കിനും നിബന്ധനകള്‍ വ്യത്യസ്തമാണെന്നു മാത്രം.
മൊബൈൽ ഫോണ്‍ നഷ്ടപ്പെട്ടാൽ
മൊബൈൽ ഫോണ്‍ നഷ്ടപ്പെട്ടാല്‍ നെറ്റ് വര്‍ക്ക് പ്രൊവൈഡറെ അറിയിച്ച് സിം ബ്ലോക്ക് ചെയ്യുന്ന നടപടികൾ സിപിപി കൈക്കൊള്ളും. ഇത് സംബന്ധിച്ച പരാതിയും രജിസ്റ്റര്‍ ചെയ്യും.
പ്ലാനിന്റെ കാലാവധി
പ്ലാനിന്റെ കാലാവധി ഒരു വർഷമായിരിക്കും. അതേസമയം അംഗത്വം ഓരോ വര്‍ഷവും ഓട്ടോമാറ്റിക്കായി പുതുക്കുന്നതുമായിരിക്കും, ഇതിനുള്ള ഫീസ് ആദ്യം പണം അയച്ച അക്കൗണ്ടില്‍നിന്നുമാണ് എടുക്കുക. സേവനം ആവശ്യമില്ലെന്നുണ്ടെങ്കില്‍ അക്കാര്യം സ്ഥാപനത്തെ അറിയിക്കുന്ന പക്ഷം അംഗത്വം പുതുക്കില്ല.
പ്ലാനിൽ ചേരാൻ
ഇതു സംബന്ധിച്ച നിശ്ചിത ഫോം പൂരിപ്പിച്ചു നല്‍കണം. ഓണ്‍ലൈനായി ഈ സേവനം ലഭിക്കുന്നതുമാണ്. ബാങ്കിന്റെ വെബ്‌സൈറ്റ് വഴിയോ സിപിപി ഇന്ത്യയുടെ വെബ്‌സൈറ്റ് ആയ india.cppdirect.com വഴിയോ പ്ലാനിൽ ചേരാം
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.