പ്രത്യേക പ്രവാസി സ്വര്‍ണപണയ വായ്പാ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്വര്ണപണയത്തിന്മേല് മൂന്നുശതമാനം പലിശക്ക് ഒരു പ്രവാസി കുടുംബത്തിന് പരമാവധി അമ്പതിനായിരം രൂപ വരെ വായ്പ നല്‍കുന്നതാണ് പദ്ധതി. ഇന്‍ഷുറന്‍സ് അപ്രൈസല്‍, പ്രോസസിംഗ് ചാര്‍ജുകള്‍ ഈടാക്കാത്ത ഈ വായ്പയുടെ കാലാവധി നാലുമാസമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരള ബാങ്കിന്റെ 779 ശാഖകളിലൂടെയാണ് പദ്ധതി നടപ്പിലാക്കുക.
കേരളത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 31 വരെയാകും ലോക്ക് ഡൗണ്‍. എല്ലാ അവശ്യ സാധനങ്ങളുടേയും ലഭ്യത ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് മാത്രം 28 കൊറോണ പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സ്ഥിതിഗതികള്‍ അനിയന്ത്രിതമായി പോകുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഏപ്രില്‍ എട്ട് വരെയാണ് ഹൈക്കോടതി അടച്ചത്. അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ മാത്രം പരിഗണിക്കാന്‍ ആഴ്ചയില്‍ രണ്ട് ദിവസം സിറ്റിംഗ് ഉണ്ടാകും. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ പരിഗണിക്കുക. വ്യക്തിസ്വാതന്ത്ര്യത്തെ ബാധിക്കുന്ന തരത്തിലുള്ള കേസുകള്‍, ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍, ജാമ്യ അപേക്ഷകള്‍ എന്നിവ മാത്രമാകും ഇനിയുള്ള ദിവസങ്ങളില്‍ കോടതി പരിഗണിക്കുക.
സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണിന്റെ ആവശ്യമില്ലെന്ന് ഉന്നതതലയോഗത്തില്‍ തീരുമാനം. കാസര്‍ഗോഡ് ജില്ല മാത്രം പൂര്‍ണമായി അടച്ചിടും. കൊവിഡ് സ്ഥിരീകരിച്ച മറ്റ് ജില്ലകള്‍ ഭാഗികമായി അടച്ചിടും. എറണാകുളം കണ്ണൂര്‍, പത്തനംതിട്ട ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. അവശ്യ സര്‍വ്വീസുകള്‍ മുടക്കില്ല. കടകള്‍ പൂര്‍ണ്ണമായും അടക്കില്ല.
കൊവിഡ് 19 വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ആദ്യമായി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിനൊപ്പമാണ് സംസ്ഥാനവും. 14 മണിക്കൂര്‍ ജനം വീട്ടിലിരിക്കും. രാവിലെ ഏഴ് മണിമുതല്‍ രാത്രി ഒമ്പത് മണി വരെയാണ് കര്‍ഫ്യൂ. ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശിച്ച സംസ്ഥാന സര്‍ക്കാര്‍ വീടും പരിസരവും വ്യത്തിയാക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരം നാളെ നടക്കുന്ന ജനതാ കര്‍ഫ്യൂവില്‍ കേരളം പൂര്‍ണമായി സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കെഎസ്ആര്‍ടിസിയും കൊച്ചി മെട്രോയും ഉള്‍പ്പെടെ പൊതുഗതാഗത സംവിധാനങ്ങളെല്ലാം നിശ്ചലമാകും. എല്ലാവരും വീടുകളില്‍ കഴിയുന്നതിനാല്‍ മറ്റാരെയും വിളിക്കാതെ കുടുംബാംഗങ്ങള്‍ മാത്രമായി പരിസര ശുചീകരണം നടത്തണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
കേരളത്തില്‍ 25603 നിരീക്ഷണത്തില്‍ ഉണ്ട്. ഇതില്‍ 25363 വീടുകളിലും 237 പേര് ആശുപത്രികളിലും ഉണ്ട്. പുതുതായി ഇന്നലെ 7861 പേരെ നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തി. 4622 പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. പരിശോധനയ്ക്ക് അയച്ചത് 2550 സാമ്പിളുകളാണ്. 2140 ആളുകള്‍ക്ക് രോഗബാധയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലാ ഓഫിസുകളില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്ന സേവനങ്ങളാണ് 16 മുതല്‍ പുനരാരംഭിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് കൊവിഡ് 19 ഭീതിയുണര്‍ത്തുന്ന സാഹചര്യത്തില്‍ മസ്കത്തിലേക്കുള്ള വിമാനങ്ങള്‍ ഭാഗികമായി റദ്ദാക്കി. ഈ മാസം 11, 13, 14 തീയതികളില്‍ കൊച്ചിയില്‍ നിന്നും മസ്കത്തിലേക്കും തിരിച്ചുമുള്ള ഒമാന്‍ എയര്‍വേഴ്സിന്റെ വിമാനങ്ങള്‍ റദ്ദാക്കി. കൊവിഡ് 19 ഭീതിയില്‍ ആഗോളതലത്തിലും വിമാന സര്‍വിസ് റദ്ദാക്കല്‍ തുടരുകയാണ്.
കൊറോണ വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ നെടുമ്പാശേരിയില്‍ നിന്ന് സൗദി അറേബ്യ, മലേഷ്യ എന്നീ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി. സൗദി എയര്‍ലൈന്‍സ് ഈ മാസം 13 വരെയുളള സര്‍വീസുകളാണ് റദ്ദാക്കിയത്. മലേഷ്യയിലേക്കുളള സര്‍വീസുകള്‍ വെട്ടിക്കുറച്ചതായും അധികൃതര്‍ വ്യക്തമാക്കി.