സ്മാര്‍ട് നമ്പര്‍പ്ലേറ്റുകളുടെ പരീക്ഷണം ദുബായില്‍ തുടങ്ങി. വാഹനങ്ങള്‍ വ്യാപകമായ കാലം മുതല്‍ ഇന്ന് വരെ കണ്ടുവന്നിരുന്ന നമ്പര്‍പ്ലേറ്റുകള്‍ക്ക് പകരം പകരം സ്മാര്‍ട് നമ്പര്‍ പ്ലേറ്റുകളാണ് ദുബൈ ആര്.ടി.എ. അവതരിപ്പിച്ചിരിക്കുന്നത്. നമ്പര്‍ പ്ലേറ്റ് മാറാതെ തന്നെ അതിലെ നമ്പര്‍, ഡിസൈന്‍, മറ്റ് വിവരങ്ങള്‍ എന്നിവ ഡിജിറ്റലായി മാറ്റാനാവുന്നതാണ് സ്മാര്‍ട് നമ്പര്‍പ്ലേറ്റുകള്‍.
ലോകത്തെ എറ്റവും വലിയ ഏരിയല്‍ പ്രൊജക്ഷന് സ്ക്രീന്‍ ദുബായ്ക്ക് സ്വന്തം. സായിദ് വര്‍ഷാചരണത്തോടനുബന്ധിച്ച് 300 അടി വലിപ്പമുള്ള സ്ക്രീന്‍ ഹെലികോപ്റ്ററില്‍ ഘടിപ്പിച്ച് ഉയര്‍ത്തി നിര്‍ത്തി മറ്റൊരു ഹെലികോപ്റ്ററില്‍ നിന്ന് ഇതില്‍ വീഡിയോ പ്രദര്‍ശിപ്പിച്ചു.
നഗരത്തില്‍ പൊലീസുകാരില്ലാത്ത പൊലീസ് സ്റ്റേഷന് വ്യാപകമാക്കുന്നു. നഗരത്തില്‍ കഴിഞ്ഞവര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ തുടക്കമിട്ട സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനെന്ന ആശയം കൂടുതല്‍ വ്യാപകമാക്കാനുള്ള തയാറെടുപ്പിലാണ് ദുബായ് സര്‍ക്കാര്‍.
യുഎഇയില്‍ സ്വദേശിവത്കരണത്തിന്റെ ഭാഗമായി നാലായിരം സ്വദേശികള്‍ക്ക് നിയമനം നല്കുന്ന പദ്ധതികള്‍ക്ക് രൂപം നല്കി. 100 ദിവസത്തിനുള്ളില്‍ നിയമനം നല്‍കാനാണ് തീരുമാനം. സ്വദേശിവത്കരണ, മനുഷ്യശേഷി മന്ത്രി നാസര്‍ താനി അല്‍ ഹമേലിയാണ് ഇക്കാര്യം അറിയിച്ചത്.
ദുബായ് മെട്രോയുടെ റൂട്ട് 2020ന്റെ ടണല്‍ ജോലികള്‍ 50 ശതമാനം പൂര്‍ത്തിയായി. റോഡ്- ഗതാഗത അതോറിറ്റി ഡയറക്ടര്‍ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മതാര്‍ ആല് തായറാണ് ഇക്കാര്യം അറിയിച്ചത്. 3.2 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് റൂട്ടില്‍ ടണലുകളുണ്ടാവുക.
ദുബായിലെ 21.4% റസ്റ്ററന്റുകളുടെ ഉടമകളില്‍ കൂടുതലും ഇന്ത്യന്‍ വനിതകളാണെന്ന് സാമ്പത്തിക മന്ത്രാലയം. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ അനുസരിച്ച് രാജ്യത്തെ റസ്റ്ററന്റുകളുടെയും കോഫി ഷോപ്പുകളുടെയും എണ്ണത്തിലും വര്‍ധനയുണ്ടായി.
ലോകത്തെ ഏറ്റവും വലിയ ഷോപ്പിങ് മാളായ ദുബായ് മാളില്‍ ഇനി ഷോപ്പിങിനിടെ ഉറങ്ങുന്നതിനും സൗകര്യം. ഷോപ്പിങിനിടെ ഒന്ന് മയങ്ങണമെന്ന് തോന്നുന്നവര്‍ക്കായാണ് ദുബായ് മാളില്‍ സ്ലീപ് പോഡ് ലോഞ്ചുകള്‍ ഒരുക്കുന്നത്.
അന്തര്‍ദേശീയ വനിതാദിനത്തിന് മുന്നോടിയായി വനിതകള്‍ക്ക് ആദരമര്‍പ്പിച്ച് ദുബായുടെ ദേശീയ വിമാന കമ്പനിയായ എമിറേറ്റ്സിന്റെ വനിതാ ജീവനക്കാര്‍ മാത്രം നിയന്ത്രിക്കുന്ന സൂപ്പര്‍വുമണ്‍ വിമാനം പറന്നുയര്‍ന്നു.
ജീവകാരുണ്യ രംഗത്തെ സംഘടനകളും സ്ഥാപനങ്ങളും സംഗമിക്കുന്ന ദിഹാദ് പ്രദര്‍ശനത്തിന് തുടക്കമായി. ദുബായ് ട്രേഡ് സെന്ററിലാണ് പ്രദര്‍ശനം നടക്കുന്നത്. ഈ മാസം ഏഴിന് അവസാനിക്കുന്ന ദിഹാദില്‍ ആഗോളതലത്തില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന 600 ലധികം സ്ഥാപനങ്ങള്‍ പങ്കെടുക്കുന്നുണ്ട്.
ദുബായില്‍ പൊതുസേവനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ഫീസ് മൂന്നു വര്‍ഷത്തേക്കു വര്‍ധിപ്പിക്കില്ല. പുതിയ തീരുമാനം ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തും ആണ് അറിയിച്ചത്.